arrest

കൊച്ചി: കൊറോണ വെെറസ് പരിശോധനയുമായി സഹകരിക്കാത്തതിനെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമ്പാശേരി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശി ലാമി അറയ്ക്കലാണ് (54) അറസ്റ്റിലായത്. ഇന്നലെ രാത്രി ഒൻപതരയോടെയായിരുന്നു സംഭവം. ചെന്നെയിൽ നിന്നും എത്തിയതായിരുന്നു ഇയാൾ.

ആരോഗ്യ പ്രവർത്തകർ മാസ്ക് നൽകിയപ്പോൾ ഇയാൾ അത് വലിച്ചെറിയുകയും മോശമായി പെരുമാറുകയുമായിരുന്നു. ഉദ്യോഗസ്ഥരുടെ പരാതിയിൽ നെടുമ്പാശേരി പൊലീസ് സ്ഥലത്ത് എത്തി ഇയാളെ അറസ്റ്റ് ചെയ്തു. തുടർന്ന് ജാമ്യത്തിൽ വിട്ടു. കുടുംബത്തോടൊപ്പമാണ് ലാമി കൊച്ചിയിൽ എത്തിയത്. ഇവർ നിർബന്ധമായും വീട്ടിൽ നിരീക്ഷണത്തിൽ കഴിയണമെന്ന നിർദ്ദേശം ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്.