corona-

തിരുവനന്തപുരം: കൊറോണയെ തുരത്താൻ ആറ്റിങ്ങൽ മണ്ഡലത്തിൽ വർക്കലയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലടക്കം കൃത്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആറ്റിങ്ങൽ എം.എൽ.എ ബി.സത്യൻ. സാമൂഹ്യ വ്യാപനം തടയാൻ വേണ്ട നടപടികളെല്ലാം ചെയ്‌തിട്ടുണ്ട്. മണ്ഡലത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ആവശ്യമായ പരിശോധനകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി.സത്യൻ എം.എൽ.എ കേരളകൗമുദി ഓൺലൈനുമായി സംസാരിക്കുന്നു.

നിർദേശങ്ങൾ പാലിച്ച്. സംസ്ഥാന സർക്കാർ നൽകിയ എല്ലാ നിർദേശങ്ങളും ആറ്റിങ്ങൽ മണ്ഡലത്തിൽ സ്വീകരിച്ചിട്ടുണ്ട്. മണ്ഡലാടിസ്ഥാനത്തിലും പഞ്ചായത്ത് അടിസ്ഥാനത്തിലും ആരോഗ്യ പ്രവർത്തകർ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ യോഗം ചേർന്നിരുന്നു. ആശുപത്രികളിൽ ആവശ്യം വേണ്ട സേവനങ്ങൾ ഉറപ്പ് വരുത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മണമ്പൂർ, ആറ്റിങ്ങൽ, കേശവപുരം തുടങ്ങി താലൂക്കാശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും വേണ്ട സജ്ജീകരണങ്ങളെല്ലാം ഒരുക്കി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങൾ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാർ തയ്യാറാക്കുന്നുണ്ട്. അവർ നിരീക്ഷണങ്ങൾ പാലിക്കുന്നുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. മണ്ഡലത്തിൽ ആദ്യം പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

നിയോജക മണ്ഡലത്തിലെ പൊതുവിലെ സ്ഥിതി സുരക്ഷിതമാണ്. വർക്കലയോട് ചേർന്ന് ഒറ്റൂർ, മണമ്പൂർ, ചെറുന്നിയൂർ എന്നിങ്ങനെ മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകളാണ് വർക്കലയോട് ചേർന്ന് കിടക്കുന്നത്. ഇതിൽ ഒറ്റൂരാണ് വർക്കലയുടെ ഏറ്റവും സമീപത്തുള്ളത്. ചെറുന്നിയൂരിന് സമീപമാണ് നേരത്തെ കൊറോണ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കുറച്ച് ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഈ ഭാഗത്ത് വരുന്നുണ്ട്. അവിടെയെല്ലാം വേണ്ട ശ്രദ്ധ ഞങ്ങൾ നൽകിയിട്ടുണ്ട്. മെഡിക്കൽ ഓഫീസറുടെയും വില്ലേജ് ഓഫീസറുടെയും നേതൃത്വത്തിൽ ടൂറിസ്റ്റുകൾക്കിടയിലും അവർ ഇടപഴകിയവർക്കിടയിലും പരിശോധനകൾ നടത്തിയിട്ടുണ്ട്. ഈ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ആശ്രയിച്ച് കഴിയുന്ന അന്യ സംസ്ഥാന തൊഴിലാളികൾ, വാടകയ്ക്ക് നൽകിയിട്ടുള്ള വീടുകൾ എന്നിവിടങ്ങളിലെല്ലാം പരിശോധന നടത്തിയിട്ടുണ്ട്. സാമൂഹ്യ വ്യാപനം തടയാൻ സാമൂഹ്യ വ്യാപനം തടയാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

ഞാനുൾപ്പടെയുള്ളവർ വീട്ടിൽ നിന്നിറങ്ങാതെ ഫോണിലൂടെയാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. വീഡിയോ കോൺഫറൻസിംഗ് ഉൾപ്പെടെയുള്ള മറ്റ് മാർഗങ്ങളും സ്വീകരിക്കുന്നുണ്ട്. ജനതാ കർഫ്യൂ ദിവസം മുതൽ ആളുകൾ കൂട്ടം കൂടി നിൽക്കുന്നതിൽ അയവ് വന്നിട്ടുണ്ട്. മണ്ഡലത്തിലെ നിർമ്മാണ പ്രവർത്തനങ്ങളെല്ലാം നിറുത്തിവച്ചിട്ടുണ്ട്. മാർക്കറ്റുകളെല്ലാം ശൂന്യമാണ്. സാധാരണക്കാരായ ജനങ്ങളാണ് മണ്ഡലത്തിൽ കൂടുതലുമുള്ളത്. ഇപ്പോൾ ജീവിച്ചിരിക്കുന്ന ഒരു തലമുറയിൽപ്പെട്ടവരും ഇതൊന്നും കണ്ടിട്ടില്ല. ഇങ്ങനെയൊരു അനുഭവം നമുക്ക് ആർക്കുമില്ല. അതുകൊണ്ടാണ് പൊതുജനങ്ങൾക്ക് സർക്കാർ നിർദ്ദേശങ്ങൾ ബോദ്ധ്യപ്പെട്ടുവരാൻ സമയമെടുത്തത്. സാമൂഹ്യമാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾ ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചു.