കാസർകോട്: കാസർകോട് ജില്ലയിൽ കൊറോണ വൈറസ് വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിൽ പുതുതായി ഒമ്പത് ഹെൽത്ത് ഇൻസ്പെക്ടർമാർ ജോലിയിൽ പ്രവേശിപ്പിച്ചു. പി.എസ്.സി ലിസ്റ്റിൽ നിന്നും ഒഴിവുള്ള ഒമ്പത് തസ്തികയിലാണ് ഡി.എം.ഒ ഇവരെ നിയമിച്ചത്. ജില്ല നേരിടുന്ന ഗുരുതരമായ സ്ഥിതിവിശേഷത്തിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് കാരണം പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റുന്നത് തടയാനാണ് വേഗത്തിൽ നിയമനം പൂർത്തീകരിച്ചത്.
ഡോക്ടർമാരുടെ നിയമന നടപടികൾ കഴിഞ്ഞ ദിവസം ഡി.എം.ഒ ഓഫിസിൽ പൂർത്തീകരിച്ചിട്ടുണ്ട്. കൊറോണ വ്യാപനം തടയുന്നതിന് കൂടുതൽ ജീവനക്കാർ ആവശ്യമായി വരുന്നതിനാൽ താത്കാലിക ജീവനക്കാർ ഉൾപ്പെടെയുള്ളവരെ നിയമിക്കുന്നതിന് കാസർകോട് ഡി.എം.ഒയെ ആരോഗ്യവകുപ്പ് മന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്. താത്കാലിക ജീവനക്കാരെ നിയമിക്കുന്ന നടപടി അടുത്ത ദിവസങ്ങളിലുണ്ടാകും.