അഴിമതി വളരെ ആഴത്തിൽ വേരൂന്നിയിരിക്കുന്നതിനാൽ, 'ആരാണ് അഴിമതിക്കാരൻ ' എന്നതിലുപരി 'ആരാണ് സത്യസന്ധൻ?' എന്നാണ് നമ്മൾ ചോദിക്കാറുള്ളത്. ഇത് കുറച്ച് അഴിമതിക്കാരുടെ കാര്യമല്ല, രാജ്യം മുഴുവൻ അഴിമതിയാണ്. ഒരു പൊലീസുകാരൻ ഇല്ലെങ്കിൽ എത്രപേർ ട്രാഫിക്ക് റെഡ് ലൈറ്റിൽ വണ്ടി നിറുത്തും? ഒരുപക്ഷേ പത്ത് ശതമാനം.
ഈയിടെ ചില വിദ്യാർത്ഥികളോട് സംസാരിച്ചപ്പോൾ, പതിന്നാലു വയസുകാരൻ എന്നോട് പറഞ്ഞത് സർക്കാരിന്റെ ഏറ്റവും അഴിമതി നിറഞ്ഞ വകുപ്പിൽ പ്രവേശിക്കാൻ അവൻ ആഗ്രഹിക്കുന്നുവെന്നാണ്. അങ്ങനെ അവന് ധാരാളം പണം സമ്പാദിക്കാം! അവനത് തെറ്റാണെന്ന് പോലും ചിന്തിക്കുന്നില്ല, ജീവിതം മെച്ചപ്പെടുത്താനുള്ള വഴിയാണിതെന്നവൻ കരുതുന്നു. സ്വാതന്ത്ര്യസമരകാലത്ത് ആളുകൾ ജീവനെപ്പോലും വകവയ്ക്കാതെ തെരുവിലിറങ്ങിയ രാജ്യമാണിത്. ഈ തലമുറയിലെ ഒരു ഹൈസ്‌കൂൾ പയ്യൻ പറയുന്നു, അവനേറ്റവും അഴിമതി നിറഞ്ഞ വകുപ്പിൽ പ്രവേശിക്കാനാഗ്രഹിക്കുന്നു എന്ന്. ഇത് ശരിക്കും അപമാനകരവും സമഗ്രതയുടെ തലത്തിൽ വന്ന വലിയ വീഴ്ചയുമാണ്. ആളുകൾ ചിന്തിക്കുന്നത്, 'ഞാനെന്തിനാണ് ഇതിനെക്കുറിച്ചൊക്കെ ചിന്തിക്കുന്നത്, എനിക്കെന്നെ നോക്കാനറിയാം '. എന്നാണ്. നമ്മുടെ രാജ്യവും സമൂഹവും നന്നായി പ്രവർത്തിക്കുന്നില്ലെങ്കിൽ, വ്യക്തിപരമായി നാം എത്ര കഴിവുള്ളവരാണെങ്കിലും, നന്മയുണ്ടാവില്ല. ഒരു രാഷ്ട്രം എന്ന ആശയം ഇപ്പോഴും ആളുകളുടെ മനസിലും ഹൃദയത്തിലും ഇറങ്ങിയിട്ടില്ല. അതിനായി നമ്മളൊന്നും ചെയ്തിട്ടുമില്ല. രാഷ്ട്രനിർമ്മാണമെന്നാൽ കെട്ടിടങ്ങൾ ഉയർത്തുന്നതല്ല, അതിനർത്ഥം ആളുകളെ കെട്ടിപ്പടുക്കുകയെന്നതാണ്. സാമ്പത്തിക അഭിവൃദ്ധിയോടെ ഇന്ത്യയെ ഒരു രാഷ്ട്രമായി നിലനിറുത്തുന്നത് വലിയ വെല്ലുവിളിയാകും, കാരണം നമ്മളിപ്പോഴും രാജ്യത്തെ ഒന്നായി ബന്ധിപ്പിച്ചിട്ടില്ല. ദാരിദ്ര്യത്തിൽ അവരെങ്ങനെയെങ്കിലും ഒരുമിക്കുമെങ്കിലും, സമ്പന്നരായാൽ ഭിന്നിപ്പുകളുണ്ടാവും, സാംസ്‌കാരിക ധാർമ്മികതയിലൂടെ രാജ്യത്തെ വികസിപ്പിച്ചെടുത്തില്ലെങ്കിൽ.
ഇന്ത്യയിൽ, ഓരോ നൂറു കിലോമീറ്ററിലും ആളുകൾ വ്യത്യസ്തമായി സംസാരിക്കുകയും ഭക്ഷിക്കുകയും വ്യത്യസ്തമായി കാണപ്പെടുകയും ചെയ്യുന്നു. അപ്പോഴെന്താണ് ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മെ ഒരുമിപ്പിക്കുന്നത്? നമ്മെ പ്രധാനമായും ചേർത്തുപിടിക്കുന്നത് സാംസ്‌കാരികവും ആത്മീയവുമായ ധാർമ്മികതയാണ്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഈ സാംസ്‌കാരികവും ആത്മീയവുമായ വസ്തുത ആസൂത്രിതമായി തകർക്കപ്പെടുന്നു. മതം, ജാതി, ഗോത്രം, ഭാഷ എന്നിവയെല്ലാം നോക്കാതെ എല്ലാവരേയും ബന്ധിപ്പിക്കുന്ന ശക്തമായ ഒരു സാംസ്‌കാരിക ബന്ധം സൃഷ്ടിക്കുന്നത് ഒരു രാഷ്ട്രമെന്ന നിലയിൽ മുന്നോട്ട് പോകാൻ ഏറ്റവും പ്രധാനമാണ്.