കണ്ണൂർ: കല്ല്യാശേരി സെൻട്രൽ ഓയിൽ മില്ലിന് സമീപത്ത് പത്രവണ്ടി പോസ്റ്റിലിടിച്ച് മറിഞ്ഞ് വിതരണക്കാരൻ മരിച്ചു. വയലപ്ര അടുത്തിലയിലെ മുണ്ടനാട് വീട്ടിൽ ബാലന്റെ മകൻ എം. സുനിൽ (44) ആണ് ഇന്ന് രാവിലെ നാല് മണിയോടെ അപകടത്തിൽ പെട്ടത്. ഓട്ടോയിൽ പത്രവുമായി പോകുന്നതിനിടെ നായ കുറുകെ ചാടിയതോടെ ബ്രേക്കിടുകയും ഇതോടെ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയുമായിരുന്നെന്ന് അറിയുന്നു. ഇതോടെ നാട്ടുകാർ കണ്ണപുരം പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് ചെറുകുന്ന് മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വണ്ടിയിൽ ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ നാരായണനും അപകടത്തിൽ പരിക്കുണ്ട്.