dubb

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിൽ എല്ലാ ടെലിവിഷൻ സീരിയലുകളുടെയും കേരളത്തിലെ ചിത്രീകരണം മാർച്ച് 20 മുതൽ 31 വരെ നിർത്തിവെക്കാൻ മലയാളം ടെലിവിഷൻ ഫ്രെട്ടേണിറ്റി തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ചിത്രീകരണം താൽകാലികമായി അവസാനിപ്പിക്കുകയും ചെയ്‌തു. എന്നാൽ ടിവി ചാനലുകളിൽ ഇപ്പോഴും സംപ്രേക്ഷണം തുടരുന്നു എന്നതാണ് വിചിത്രമായ വസ്‌തുത. ഒരാഴ്‌ചകാലത്തേക്ക് മുൻകൂട്ടി ചിത്രീകരണം പൂർത്തിയാക്കിയ ഭാഗങ്ങൾ റെക്കോർഡിംഗ് സ്‌റ്റുഡിയോകളിൽ ഇപ്പോഴും ഡബിംഗ് അടക്കമുള്ള പ്രവർത്തനങ്ങൾ തുടർന്നുവരികയാണ്.

ചില നിർമ്മാതാക്കളുടെയും ചാനൽ അധികാരികളുടെയും പിടിവാശിയാണ് പോസ്‌റ്റ് പ്രൊഡക്ഷൻ വർക്കുകളായ റെക്കാർഡിംഗ്, എഡിറ്റിംഗ്, ഡബിംഗ് തുടങ്ങിയവ തുടരുന്നതിന് കാരണമാകുന്നത്. പ്രത്യേകിച്ച് കൊറോണയുടെ പശ്ചാത്തലത്തിൽ ഡബ്ബിംഗ് ആർട്ടിസ്‌റ്റുകൾ, റെക്കാർഡിസ്‌റ്റ് അടക്കമുള്ളവർ ഏറെ അപകടകരമായ സാഹചര്യമാണ് നിലനിൽക്കുന്നത്. പ്രത്യേകിച്ച് ഒരുതരത്തിലുള്ള മുൻകരുതലുകളും ഇവിടങ്ങളിൽ സ്വീകരിച്ചിട്ടുമില്ല.

ടെലിവിഷൻ ഫ്രെട്ടേണിറ്റിയുടെ അടിയന്തിര എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് സീരിയലുകളുടെ ചിത്രീകരണം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടായത്. ഇതിന് ശേഷം ചിത്രീകരണം പുനരാംഭിക്കുകയാണെങ്കിൽ മാസ്‌ക് ,സാനിറ്റൈസറുകൾ തുടങ്ങിയ മുൻകരുതലുകൾ ഷൂട്ടിംഗ് സെറ്റുകളിൽ നിർബന്ധമാക്കണമെന്നും ഫ്രെട്ടേണിറ്റി വ്യക്തമാക്കിയിട്ടുണ്ട്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ സിനിമാ നിർമ്മാണവും പോസ്റ്റ് പ്രൊഡക്ഷനും ഉൾപ്പടെ നിർത്തിവയ്ക്കാൻ ഇന്ത്യൻ മോഷൻ പിക്ചർ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നേരതെ തീരുമാനമെടുത്തിരുന്നു. മുൻനിര ടെലിവിഷൻ പ്രോഗ്രാം നിർമ്മാതാക്കളും കൊറോണാ പ്രതിരോധത്തിനായി പ്രോഗ്രാമുകൾ നിർത്തിവച്ചെങ്കിലും പോസ്‌റ്റ് പ്രൊഡക്ഷൻ വർക്കുകൾ നിർബാധം തുടരുകയാണ്.

മലയാളസിനിമയുടെ കാര്യമെടുത്താൽ, മാർച്ച് 31 വരെ എല്ലാ റിലീസുകളും ഒഴിവാക്കിയിട്ടുണ്ട്. സിനിമ തിയേറ്ററുകളും നാളുകൾക്ക് മുമ്പുതന്നെ അടച്ചിട്ടു. സിനിമാ നിർമ്മാണവും നിർത്തിവച്ചിരിക്കുകയാണ്. മാർച്ച് 12ന് റിലീസ് ചെയ്യാനിരുന്ന കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്, മാർച്ച് 26ന് റിലീസ് നിശ്ചയിച്ച മരക്കാർ അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളും മാറ്റിവച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റ്, മഞ്ജു വാര്യരുടെ ലളിതം സുന്ദരം, ലാൽ സംവിധാനം ചെയ്യുന്ന സുനാമി എന്നീ സിനിമകളുടെ ചിത്രീകരണവും നിർത്തിവച്ചരിക്കുകയാണ്.