തിരുവനന്തപുരം: ബാർ കൗണ്ടർ വഴി മദ്യം പാഴ്സൽ വിൽപന നടത്താൻ നീക്കം. ഇതുസംബന്ധിച്ച് അബ്കാരി ചട്ടത്തിൽ ഭേദഗതി ആവശ്യപ്പെട്ട് ബാർ ഉടമകളുടെ അസോസിയേഷൻ സർക്കാറിന് കത്ത് നൽകി. കൊറോണ വെെറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ബാറുകൾ അടച്ചിടാൻ ഇന്നലെ തീരുമാനിച്ചിരുന്നു. സംസ്ഥാനത്ത് 800 ബാർ കൗണ്ടറുകൾ അടഞ്ഞുകിടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ബാർ അസോസിയേഷൻ സർക്കാരിന്റെ മുന്നിൽ നിവേദനം നൽകിയത്.
ഇതോടെ ബിവറേജസിലെ വിലക്ക് പാഴ്സൽ കൗണ്ടർ വഴി മദ്യം വിൽക്കാമെന്നാണ് ബാർ ഹോട്ടൽ ഉടമകൾ വ്യക്തമാക്കിയത്. സംസ്ഥാനത്ത് ബിവറേജസ് ഔട്‌ലെറ്റുകളും കള്ളു ഷാപ്പുകളും തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ട്. അതേസമയം, സംസ്ഥാനത്ത് ഒരൊറ്റ ബാറും തുറക്കാൻ അനുവദിക്കരുതെന്ന് എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർക്ക് എക്സൈസ് കമ്മിഷണറുടെ കർശന നിർദേശം നൽകി. ബാർ കൗണ്ടർ വഴി മദ്യവിൽപ്പനയും അനുവദിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഡപ്യൂട്ടി കമ്മിഷണർമാരുടെ നേതൃത്വത്തിൽ പരിശോധന നടത്താനും നിർദേശം നൽകിയിട്ടുണ്ട്.
മദ്യഷാപ്പുകൾ അടച്ചിടുന്നത് സാമൂഹിക പ്രത്യാഘാതമുണ്ടാക്കുമെന്നാണ് സർക്കാർ വിശദീകരണം. കൂട്ടംകൂടി ഇരുന്ന് രോഗവ്യാപനമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനാണ് ബാറുകൾ അടക്കുന്നതെന്നും ബിവറേജസ് ഔട്ട്ലെറ്റുകൾ അടച്ചിട്ടാൽ സാമൂഹികവിപത്താകുമെന്നും പഴയ ചരിത്രം ആവർത്തിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. എല്ലാ ചട്ടങ്ങളും ലംഘിച്ച് കള്ള്ഷാപ്പ് ലേലം തുടരുന്നതും വലിയ വിവാദത്തിലാണ്.