fever

രാവിലെ ടി.വി തുറന്നാലും മൊബൈൽ തുറന്നാലും കൊറോണയുടെ ആഗോള താണ്ഡവം, സ്ഥിതി വിവരകണക്കുകൾ... രാജ്യം, സംസ്ഥാനം, ജില്ല തിരിച്ച്....
എന്റെ ചിന്താവിഷയം ഇതായിരുന്നു - പ്രതിരോധം.
പ്രതിരോധം രണ്ടുണ്ട്.
രോഗം വരാതിരിക്കാനുള്ള പ്രതിരോധം.
രോഗം വന്നതിന്‌ശേഷമുള്ള പ്രതിരോധം.
ആദ്യത്തേത് കൂട്ടായി സമൂഹം ചെയ്യേണ്ടത്. അത് നാം ഭാഗികമായി ചെയ്തുകൊണ്ടിരിക്കുന്നു.
രണ്ടാമത്തേത്,രോഗം വന്നുപെട്ടാൽ ശമനത്തിനുവേണ്ടി നാം ഓരോരുത്തരും സ്വയംനേടേണ്ട പ്രതിരോധം. അതായത് പ്രതിരോധശക്തി നമുക്ക് എത്രത്തോളമുണ്ട് അത്രയുംരോഗശമനത്തിന് അത് സഹായിക്കും.
ആ പ്രതിരോധ ശക്തിക്കുമുണ്ട് രണ്ട് ഐറ്റംസ്.
ശാരീരിക പ്രതിരോധ ശക്തി.
മാനസിക പ്രതിരോധ ശക്തി.
ഇതിന്റെ ശാസ്ത്രശാഖയായ സൈക്കോ ന്യൂറോ ഇമ്മ്യൂണോളജിയിലേയ്‌ക്കൊന്നുംപോകാതെ, പച്ചയ്ക്കു പറഞ്ഞാൽ, ശാരീരിക പ്രതിരോധംപോലെ മാനസിക പ്രതിരോധവും ഒപ്പമുണ്ടെങ്കിലേ രോഗപ്രതിരോധ ശക്തി ഉച്ചസ്ഥായിയിലേയ്ക്ക് എത്തുകയുള്ളൂ!
പകലന്തിയോളം ടി വി യിലും മൊബൈലിലുംനോക്കിയിരുന്നാൽ നമ്മൾ മാനസിക പ്രതിരോധശക്തി ക്ഷയിച്ച് വിഷാദത്തിലേയ്ക്ക് മൂക്ക് കുത്തിയോ കൂപ്പുകുത്തിയോ വീഴാനുള്ള സാദ്ധ്യതയേറെയാണ്. നമ്മളറിയാതെ നമ്മുടെ മനസ്സ് തളർന്നുകൊണ്ടിരിക്കും.
ആക്ഷേപഹാസ്യവുംട്രോളുംകോമഡിഷോയും കണ്ടാനന്ദിച്ചിരുന്ന നമ്മൾ മലയാളികളുടെ നർമ്മബോധം ഈ അവസരത്തിൽ കൈവിടരുതെന്ന് മാത്രമല്ല, കൂടെ എപ്പോഴും കരുതണം വരും നാളുകളിൽ! പ്രതിരോധ ശക്തി വർദ്ധിപ്പിക്കാൻ വളരെയധികം സഹായകമാവും.
പരിഭ്രാന്തിയും ജാഗ്രതയുംകോർട്ടിസോൾപോലുള്ള പ്രതികൂല ഹോർമോണുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുമ്പോൾ, ചിരിയും മാനസികോല്ലാസവും എൻഡോർഫിൻ,ഡോപ്പമിൻ, സിറോടോണിൻ തുടങ്ങിയ പ്രതിരോധ രാസപദാർത്ഥങ്ങളുടെ ഉത്പാദനം കൂട്ടുകയുംകോർട്ടിസോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യും.
അതുകൊണ്ട് വൈറസ് വ്യാപനം ചെറുക്കാൻദേശീയ സംസ്ഥാന പെരിയോർകൾ ഗൃഹസ്ഥാശ്രമം കൽപ്പിച്ചരുളിയിരിക്കുന്നതിനാൽ, നമ്മുടെ വീടുകൾ ചിരിക്ലബുകളാക്കി മാറ്റാൻ സമയമായിരിക്കുന്നു കൂട്ടരേ!
കൊറോണ വാർത്തകൾ ദിവസം രാവിലെയും രാത്രിയും അരമണിക്കൂർ മാത്രം കാണാം.
സാമൂഹിക അകലവുംസോപ്പുപയോഗിച്ച് കൈകഴുകലും തുടരാം.
ചാപ്ലിന്റെയും അന്തിക്കാടിന്റെയും പ്രിയദർശന്റെയും പഴയ സിനിമകളോ മോഹൻലാൽ, ജഗതി, മുകേഷ്, ഇന്നസെന്റ് ഇത്യാദി കക്ഷികളുടെ തകർപ്പൻ തമാശകളോ കണ്ട് പൊട്ടിച്ചിരിക്കാം.
കൊച്ചുപിള്ളേർ മത്സരിച്ചുപാടുന്ന പഴയ നല്ല പാട്ടുകൾകേട്ടിരിക്കാം.
വാട്ട്‌സ് ആപ്പിൽ വരുന്ന നിലവാരമുള്ള തമാശകൾ ഉറക്കെ വായിച്ച് കുടുംബാംഗങ്ങളുമായി ഒന്നിച്ച് ചിരിക്കാം. കൂട്ടത്തിൽ നമ്മുടെ തമാശകളും അവതരിപ്പിച്ച്‌നോക്കാം.

പരിഭ്രാന്തിയും മസിലും വിട്ട് ചിരിച്ചുകൊണ്ട് നമുക്ക് പ്രതിരോധിക്കാം - കൊറോണാക്രമണം.
തമിഴകത്തെ പഴഞ്ചൊല്ല്-
വായ് വിട്ട് ചിരിത്താൽ
നോയ് (അസുഖം) വിട്ടുപോകും.
ഒരു മൂന്ന് വയസ്സുകാരൻരോഗി പറഞ്ഞ തമാശ ഇവിടെ കുറിക്കാം,
കഴിഞ്ഞ ദിവസം എന്റെ ക്ലിനിക്കിൽ കടുത്ത പനിയുമായി വന്ന കുട്ടിയെ പരിശോധിച്ച് മരുന്ന് കുറിച്ച് കൊടുത്തപ്പോൾ അവന്റെ അച്ഛൻ അവനോട് പറഞ്ഞു -ഡോക്ടറോട് താങ്ക്‌സ് പറമോനെ.
കുറച്ചുനേരം ആലോചിച്ചശേഷം വന്നു അവന്റെ മറുപടി.
'പനി മാറിയിട്ടുപോരെ?'.

ഡോ. ടി. സുരേഷ് കുമാർ
ശിശുരോഗ ചികിത്സകൻ
പ്രസിഡന്റ്, ചിരിക്ലബ്
തിരുവനന്തപുരം
മൊ: 9447055050
drtsureshkumar@gmail.com