ന്യൂഡൽഹി: കൊറോണ കേസ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് മുതൽ വിദേശത്ത് നിന്ന് വരുന്നവരെ കർശന പരിശോധനകൾക്ക് ശേഷമാണ് രാജ്യത്തേക്ക് കടത്തിവിട്ടിരുന്നത്. ഒന്നരലക്ഷത്തിലധികം പേരെ ഇതിനോടകംതന്നെ പരിശോധനകൾക്ക് വിധേയമാക്കി കഴിഞ്ഞു. എന്നിട്ടും ഇന്ത്യയിൽ രോഗികളുടെ എണ്ണം എന്തുകൊണ്ടാണ് ഇത്രയും വേഗത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നത്?
46 ശതമാനം രോഗികളെ വിമാനത്താവളങ്ങളിലെ താപ പരിശോധനയിലൂടെ കണ്ടെത്താനാവില്ല എന്നാണ് ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിന്റെ ജേണൽ റിപ്പോർട്ട് ചെയ്യുന്നത്. ഈ മാസം ആദ്യവാരമാണ് വിമാനത്താവളങ്ങളിൽ പരിശോധന ആരംഭിച്ചത്. ലക്ഷണങ്ങളില്ലാത്ത കേസുകൾ തിരിച്ചറിയാൻ വിമാനത്താവളങ്ങളിൽ അതിവേഗപരീക്ഷണ കിറ്റുകളൊന്നും ലഭ്യമല്ല. യാത്രക്കാരുടെ എണ്ണം കൂടുതലായതിനാൽ അവയെല്ലാം ലബോറട്ടറികളിൽ പരീക്ഷിക്കുന്നത് അപ്രായോഗികമാണ്.
വിമാനത്താവളത്തിൽ രോഗലക്ഷണങ്ങൾ തിരിച്ചറിയാൻ സാധിക്കാത്തതിനാൽ വിദേശത്ത് നിന്ന് വരുന്നവർ വീടുകളിലേക്ക് പോകുന്നു. ഇവർ മറ്റുള്ളവരുമായി അടുത്തിടപഴകിയതിന് ശേഷമായിരിക്കും രോഗ ലക്ഷണങ്ങൾ പുറത്തേക്ക് വരുന്നത്. അതിനാലാണ് രോഗികളുടെ എണ്ണം ഇത്രയും വേഗം വർദ്ധിക്കുന്നതെന്ന് മറ്റൊരു പഠന റിപ്പോർട്ടിൽ പറയുന്നു.