തൃശൂർ: പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഇ.ഹരികുമാർ (77) അന്തരിച്ചു. തിങ്കളാഴ്ച അർദ്ധരാത്രിയോടെ തൃശൂരിലായിരുന്നു അന്ത്യം. കവി ഇടശ്ശേരി ഗോവിന്ദൻനായരുടെ മകനാണ്. കംപ്യൂട്ടർ ടൈപ്പ് സെറ്റിംഗ്, പുസ്തക പ്രസിദ്ധീകരണ മേഖലകളിൽ പ്രവർത്തിക്കുകയായിരുന്നു. 'ദിനോസറിന്റെ കുട്ടി' എന്ന കഥാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. 'പച്ചപ്പയ്യിനെ പിടിക്കാന്‍' എന്ന ചെറുകഥക്ക് പത്മരാജന്‍ പുരസ്‌കാരവും 'സൂക്ഷിച്ചു വെച്ച മയില്‍പീലി' എന്ന കഥക്ക് നാലപ്പാടന്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 1962ൽ പ്രസിദ്ധീകരിച്ച ‘മഴയുള്ള രാത്രിയിൽ’ ആണ് ആദ്യ കഥ.
ഇടശ്ശേരിയുടെയും ഇ. ജാനകിയമ്മയുടെയും മകനായി 1943 ജൂലായ് 13 ന് പൊന്നാനിയിലാണ് ജനനം. പൊന്നാനി എ.വി.ഹൈസ്‌കൂള്‍, കൊൽക്കത്ത സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1960 മുതല്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ജോലി ചെയ്തു. ഉറങ്ങുന്ന സർപ്പങ്ങൾ, ആസക്തിയുടെ അഗ്നിനാളങ്ങൾ, ഒരു കുടുംബപുരാണം, എഞ്ചിൻ ഡ്രൈവറെ സ്നേഹിച്ച പെൺകുട്ടി, തടാകതീരത്ത്, മഴയുള്ള രാത്രിയിൽ, വൃഷഭത്തിന്റെ കണ്ണ്, പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ, കൊച്ചമ്പ്രാട്ടി, ശ്രീ പാർവതിയുടെ പാദം, സൂക്ഷിച്ചു വച്ച മയിൽപീലി തുടങ്ങിയവയാണ് പ്രധാന രചനകൾ. നോവലുകളും ചെറുകഥകളും ഓർമക്കുറിപ്പുകളുമടക്കം ശ്രദ്ധേയ രചനകൾ ഹരികുമാറിന്റേതായുണ്ട്.