ലോകം മുഴുവൻ കൊറോണ ഭീതിയിലാണ്. രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ വൈറസിനെ വരുതിയിലാക്കാൻ നമുക്ക് സാധിച്ചിട്ടുമില്ല. രോഗ ലക്ഷണങ്ങൾ പുറത്ത് കാണിക്കുന്നതിന് മുമ്പ് തന്നെ രോഗം മറ്റുള്ളവരിലേക്ക് പടരുമെന്നതാണ് ഏറ്റവും ഭയാനകമായ ഒരു കാര്യം. വരണ്ട ചുമ, പനി, ശ്വാസതടസം എന്നിവയാണ് കൊറോണയുടെ ലക്ഷണങ്ങൾ.
അതേസമയം ഈ രോഗവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ക്ലിനിക്കൽ തെളിവുകൾ അടിസ്ഥാനമാക്കി നടത്തിയ ഒരു പഠന റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ് ഇപ്പോൾ.കൊറോണ ബാധിതർക്ക് അനോസ്മിയ അല്ലെങ്കിൽ മണമറിയാൻ സാധിക്കാത്ത അവസ്ഥ ഉണ്ടായേക്കാമെന്നാണ് പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കൊറോണ ബാധിതരിൽ മണം നഷ്ടപ്പെടുന്നതിന് തെളിവുകൾ കണ്ടെത്തിയതായി മാർച്ച് 21ന് പുറത്തിറക്കിയ ഒരു പ്രബന്ധത്തിൽ വിദഗ്ദ്ധർ പറയുന്നു.
'ദക്ഷിണ കൊറിയ, ഇറ്റലി, ചൈന എന്നിവിടങ്ങളിൽ കൊറോണ ബാധിതരായ രോഗികൾക്ക് മണം തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെട്ടിട്ടുണ്ട്'-യുകെയിലെ പത്രം റിപ്പോർട്ട് ചെയ്യുന്നു. കൊറോണ സ്ഥിരീകരിച്ച നിരവധിയാളുകൾക്ക് ജർമനിയിൽ അനോസ്മിയ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം,കൊറോണ വൈറസിന്റെ നിശബ്ദ വാഹകർ ഇന്ത്യയിലുണ്ടാകുമോയെന്ന ഭയത്തിലാണ് വിദഗ്ദ്ധർ ഇപ്പോൾ.