ന്യൂഡൽഹി: കൊറോണ വെെറസ് ബാധിച്ച് രാജ്യത്ത് ഒരാള്‍കൂടി മരിച്ചു. മഹാരാഷ്ട്രയിലെ കസ്തൂർബ ഗാന്ധി ആശുപത്രിയിൽ ചികിത്സയിലായിരുന്ന യു.എ.ഇ പൗരനാണ് മരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഏതാനും മണിക്കൂറുകൾക്കിടെ ആയിരുന്നു മരണം. മുംബയില്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്നാമത്തെ മരണമാണിത്. ഇതോടെ ഇന്ത്യയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി. രാജ്യത്തെ കൊറോണ ബാധിതരുടെ 500 കടന്നു.
കൊറോണ ബാധിതരായ 511 പേരില്‍ 36 പേര്‍ രോഗമുക്തി നേടി. തിങ്കളാഴ്ച മാത്രം 99 പുതിയ കേസുകള്‍ റിപ്പോർട്ട് ചെയ്തു കൊണ്ട് കൊറോണ ബാധിതരുടെ എണ്ണത്തിൽ ആശങ്കപ്പെടുത്തുന്ന വർദ്ധധനവാണ് ഉണ്ടായിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ളത്. തിങ്കളാഴ്ച മാത്രമായി 23 കേസുകളാണ് ഇവിടെ പുതുതായി വന്നത്.
മഹാരാഷ്ട്ര-97
കേരളം-95
കര്‍ണാടക- 37
തെലങ്കാന- 33
ഗുജറാത്ത്-30
ഡല്‍ഹി-29
രാജസ്ഥാന്‍-32
ഹരിയാന-26
പഞ്ചാബ്-23
ലഡാക്ക്-13
തമിഴ്‌നാട്-12
പശ്ചിമബംഗാല്‍-7
മദ്ധ്യപ്രദേശ്-6
ചണ്ഡീഗഡ്-6
ആന്ധ്രപ്രദേശ്-7
ജമ്മുകശ്മീര്‍-4
ഉത്തരാഖണ്ഡ്-5
ഹിമാചല്‍ പ്രദേശ്-3
ബീഹാര്‍-2
ഒറീസ-2
പുതുച്ചേരി-1
ചത്തീസ്ഗഡ്-11
മണിപ്പൂർ-1
മണിപ്പൂരിൽ കൊറോണ വെെറസ് സ്ഥിരീകരിച്ച ആദ്യകേസ് റിപ്പോർട്ട് ചെയ്തു. യു.കെയിൽ നിന്നും എത്തിയ 23കാരിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലും കർണാടകയിലും പുതിയ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിലും ഹിമാചല്‍ പ്രദേശിലും തിങ്കളാഴ്ച ഓരോ മരണങ്ങളുണ്ടായി. ആഭ്യന്തര വിമാന സർവീസുകളടക്കം കേന്ദ്രം കർശനമായി നിരോധിച്ചിട്ടുണ്ട്. നിയമ ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, കര്‍ണാടക, പഞ്ചാബ്, ആന്ധ്രപ്രദേശ്, തെലങ്കാന, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, തമിഴ്‌നാട്, കേരളം, ഹരിയാന, ബിഹാര്‍, ഉത്തരാഖണ്ഡ്, ഗുജറാത്ത്, അസം, ത്രിപുര, ഗോവ, നാഗാലാന്‍ഡ്, മണിപ്പുര്‍, ജാര്‍ഖണ്ഡ്, അരുണാചല്‍ പ്രദേശ്, മേഘാലയ, ഹിമാചല്‍പ്രദേശ്, ജമ്മുകശ്മീര്‍, ചണ്ഡീഗഢ്, ലഡാക്ക് എന്നീ സംസ്ഥാനങ്ങള്‍ പരിപൂര്‍ണമായി അടച്ചു. നിലവില്‍ സിക്കിമിലും മിസോറാമിലും മാത്രമാണ് നിയന്ത്രണങ്ങള്‍ ഇതുവരെ ഏര്‍പ്പെടുത്താത്ത പ്രദേശങ്ങള്‍.
കൊറോണ ബാധിതരുടെ എണ്ണം 500 പിന്നിട്ട പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഇന്ന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇതു രണ്ടാം തവണയാണ് കൊറോണയുമായി ബന്ധപ്പെട്ട് അടുത്തടുത്ത ദിവസങ്ങളിൽ പ്രധാനമന്ത്രി ജനതയോടു സംസാരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചത്തെ സംബോധനയിലാണ് ഞായറാഴ്ച ജനത കർഫ്യൂവിന് ആഹ്വാനം ചെയ്തത്.