തിരുവനന്തപുരം:രണ്ടാം ലോകമഹായുദ്ധ കാലത്തെ നാസി മനുഷ്യക്കുരുതിയായ ഹോളോകാസ്റ്റിനെ അതിജീവിച്ച ആര്യെ ഈവൻ എൺപത്തിയെട്ടാം വയസിൽ കോവിഡ് -19 ബാധിച്ചു മരിച്ചു.ഇസ്രായേലിലെ ആദ്യ കോവിഡ് മരണം. എനിക്കു തോന്നുന്നു ഓരോ ഇസ്രായേലിയും സ്വയം ചോദിക്കേണ്ട ഒരു ചോദ്യം ഇതിൽ ഉണ്ടെന്ന്.
അതിക്രൂരമായ നാസി ഭീകരതയെ മറികടക്കാൻ ഭാഗ്യം ലഭിച്ച ഒരാളാണ് കൊറോണ വൈറസിന്റെ പിടിയിലമർന്നു പോയത്. അപ്പോൾ സ്വയം നിയന്ത്രണത്തിന്റെയും കരുതലിന്റെയും ആവശ്യകത തിരിച്ചറിയാനാവും."ലോക പ്രശസ്ത ഇസ്രായേലി ചലച്ചിത്രകാരൻ ഡാൻ വോൾമാൻ കേരളകൗമുദി ഓൺലൈനോട് പറഞ്ഞു.ടെൽ അവീവിൽ നിന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഇവിടെ ഞാനും എന്റെ ഭാര്യ ഷോഷിയും പൂർണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്.അറുപത് വയസിനു മുകളിലുള്ള പ്രത്യേകിച്ചും എന്നേപ്പോലുള്ളവരും( എനിക്ക് പല ബൈപാസ് കഴിഞ്ഞതാണ് ) ആരോഗ്യ പ്രശ്നങ്ങളുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം.ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞ ഇവിടെ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.ഭക്ഷണമോ,മരുന്നോ വാങ്ങാനല്ലാതെ വീടിന് പുറത്തിറങ്ങാൻ അനുവദിക്കില്ല.മക്കളെയോ,പേരക്കുട്ടികളെയോ കാണാനും അനുവാദമില്ല.രണ്ട് പേരിൽ കൂടുതൽ കാറിൽ സഞ്ചരിക്കാൻ പാടില്ല.ഓരോ ദിവസവും നിയന്ത്രണങ്ങൾ കൂടിവരികയാണ്.രോഗബാധയുണ്ടോയെന്ന് മൊബൈലിൽ ട്രാക്ക് ചെയ്യാനഉള്ള സംവിധാനം ഏർപ്പെടുത്തിയതായി കഴിഞ്ഞ ദിവസം സർക്കാരിന്റെ അറിയിപ്പുവന്നിരുന്നു.ഇത് സ്വകാര്യതയിലുള്ള കടന്നുകയറ്റമാണെന്ന് പറയാതിരിക്കാൻ കഴിയില്ല.
ഓരോ ദിവസവും കൂടുതൽ പരിശോധനകൾ നടത്തിവരുന്നു.വൈറസ് ബാധിച്ചവരുടെ സംഖ്യ ഉയരുകയാണ്.ഇതെഴുതുമ്പോൾ ലഭിച്ച കണക്കുപ്രകാരം ഇവിടെ 1400 പേരാണ് കൊറോണ ബാധിതരായി ഉള്ളത്.
ഒരു പ്രധാന പ്രശ്നം ഇസ്രായേലികൾ വലിയ സഞ്ചാര പ്രിയരാണെന്നതാണ്.ജനസംഖ്യയിൽ 15 ശതമാനം പേർ വർഷത്തിൽ ഒരുതവണയെങ്കിലും വിദേശയാത്ര നടത്തിയിരിക്കും.ഇതുപറയാൻ കാരണം വിദേശയാത്രാഭ്രമവും വിനോദ സഞ്ചാരവും വൈറസ് പടരുന്നതിന് ഇപ്പോൾ ഒരുകാരണമായി മാറിയെന്ന് ചൂണ്ടിക്കാട്ടാനാണ്.വോൾമാൻ വിശദീകരിച്ചു.
" ഇസ്രായേൽ ഒരു ചെറിയ രാജ്യമാണ്.എൺപത് ലക്ഷത്തിൽപ്പരം ജനസംഖ്യയുള്ള രാജ്യം.ഒരർത്ഥത്തിൽ വലിയൊരു ഗ്രാമം പോലെയാണ് ഇസ്രായേൽ എന്നും പറയാം.ഇപ്പോൾ ജറുസലേമിൽ ഒരാൾ മരിച്ച വിവരം അറിയുമ്പോൾ മറ്റൊരിടത്തുള്ളയാൾക്ക് മരിച്ച ആ ആളിന്റെ ഒരു ബന്ധുവിനെയോ,കുറഞ്ഞപക്ഷം ഒരു സുഹൃത്തിനെയോ വളരെ അടുത്തറിയുന്നവരായിരിക്കും.ഇസ്രായേലികളുടെ ഏറ്റവും വലിയ പ്രത്യേകത പരസ്പര സ്നേഹവും സഹവർത്തിത്വവുമാണ്.വഴിവിട്ടും സഹായിക്കാനും സംരക്ഷിക്കാനും ശ്രമിക്കുന്ന പ്രകൃതമാണ് ഇസ്രായേലികളുടേത്." വോൾമാൻ പറയുന്നു.പോസിറ്റീവ് ചിന്തയോടെ ഉന്മേഷവാനായിരിക്കുക.പ്രതിരോധശേഷിയുടെ ഊർജ്ജം കൂട്ടാൻ അത് സഹായിക്കും.വോൾമാൻ അഭ്യർത്ഥിച്ചു.
കാനിലും ബെർലിനിലും വെനീസിലും ഇഫിയിലും വൻ പ്രേക്ഷക പ്രീതി നേടിയ വോൾമാന്റെ ചിത്രങ്ങൾ പ്രമുഖ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലെല്ലാം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.