who

ജനീവ: നിശബ്ദ കൊലയാളികൾ എന്നറിയപ്പെടുന്ന വസൂരിയും പോളിയോയും ഭൂമുഖത്ത് നിന്ന് ഉന്മൂലനം ചെയ്യാൻ ലോകത്തിന് നേതൃത്വം നൽകിയ ഇന്ത്യയ്‌ക്ക് അതീവ മാരകമായ കൊറോണയെയും ശാശ്വതമായി ഇല്ലാതാക്കാൻ ശേഷിയുണ്ടെന്ന് ലോകാരോഗ്യസംഘടന പ്രശംസിച്ചു.

എക്‌സിക്യൂട്ടീവ് ഡയറക്‌ടർ മൈക്കേൽ റിയാൻ പത്രസമ്മേളനത്തിലാണ് ഇന്ത്യയുടെ നേട്ടത്തെ പ്രശംസിച്ചത്. രോഗികളെ കേന്ദ്രീകരിച്ച് നടത്തിയ ഫലപ്രദമായ ഇടപെടലിലൂടെയാണ് ഇന്ത്യ വസൂരിയെ നാടുകടത്തിയത്. അത് ലോകത്തിന് മഹത്തായ സമ്മാനമായിരുന്നു. പോളിയോ രോഗത്തെയും ഇന്ത്യ ഉന്മൂലനം ചെയ്‌തു. ഈ രണ്ട് മഹാമാരികളെ ഇല്ലാതാക്കിയ അനുഭവസമ്പത്തുള്ള ഇന്ത്യയ്‌ക്ക് കൊറോണയെയും ഉന്മൂലനം ചെയ്യാൻ കഴിയും. അസാധാരണമായ വൈഭവങ്ങളുള്ള രാജ്യമാണ് ഇന്ത്യ. കുറുക്കുവഴികളൊന്നും ഇല്ല. എന്ത് ചെയ്യണമെന്ന് ലോകത്തിന് കാട്ടിക്കൊടുക്കേണ്ടത് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളാണ്. അന്ന് ഇന്ത്യ ചെയ്‌തത് എന്താണെന്ന് ഇപ്പോൾ ലോകത്തിന് കാട്ടിക്കൊടുക്കണം - റിയാൻ പറഞ്ഞു.

കൊറോണ മഹാമാരി അതിവേഗം പടരുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അധാനം ഗബ്രിയേസസ് മുന്നറിയിപ്പ് നൽകി.

ഡിസംബർ അവസാനം ചൈനയിൽ പൊട്ടിപ്പുറപ്പെട്ട വൈറസ് 67 ദിവസം കൊണ്ടാണ് ലോകത്താകെ ആദ്യത്തെ ഒരു ലക്ഷം പേരെ ബാധിച്ചത്. അടുത്ത പതിനൊന്ന് ദിവസം കൊണ്ട് ഒരു ലക്ഷം പേർ കൂടി രോഗബാധിതരായി. അടുത്ത ഒരു ലക്ഷം പേരെ രോഗം ബാധിക്കാൻ വെറും നാല് ദിവസമേ വേണ്ടിവന്നുള്ളൂ. ഈ മൂന്ന് ലക്ഷം പേർ മാത്രമല്ല,​ അവരുടെ കുടുംബാംഗങ്ങളും ദുരിതത്തിലായി- അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാമാരിയുടെ ഗതിമാറ്റാൻ ലോകജനതയ്ക്ക് ഇനിയും കഴിയുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

മിന്നൽ പോലെ രോഗബാധ

@ആദ്യത്തെ 64 ദിവസം: 1 ലക്ഷം രോഗികൾ

@അടുത്ത 11 ദിവസം: 2 ലക്ഷം

@അടുത്ത 4 ദിവസം: 3 ലക്ഷം