ആധുനിക ചരിത്രത്തിൽ ഒരിക്കലും പൊതുജനാരോഗ്യ പ്രതിസന്ധി കാരണം ആഗോള സാമ്പത്തിക മാന്ദ്യമോ വിപണി തകർച്ചയോ ഉണ്ടായിട്ടില്ല. അടുത്തകാലത്തുണ്ടായ മാന്ദ്യങ്ങളെല്ലാം ധനപരമായ കാരണങ്ങളാലായിരുന്നു. എന്നിലിപ്പോൾ, ലോകമെങ്ങും ബാധിച്ച ഒരു മഹാമാരി വിപണിയെ വൻതോതിൽ തകർത്തിരിക്കുന്നു.
ആഗോളതലത്തിൽ തന്നെ ഭീകരമാണ് തകർച്ച. 2008ൽ വലിയ പതനം ഉണ്ടായിരുന്നു. അന്ന്, നിഫ്‌റ്റി 65 ശതമാനമാണ് താഴേക്ക് വീണത്. ഈ തകർച്ച പക്ഷേ, പല മാസങ്ങളിലായാണ് സംഭവിച്ചത്. എന്നാൽ, ഇക്കുറി തകർച്ചയുടെ 30 ശതമാനവും ഏതാനും ദിവസങ്ങൾക്കിടെയാണ്. അമേരിക്കൻ വിപണി 18 ദിവസത്തിനിടെ 32 ശതമാനം തകർന്നു.
നിർണായക സംഖ്യ
പുതിയ രോഗവ്യാപനം പാരമ്യത്തിൽ എത്തുന്നത് എപ്പോഴാണ് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഏവരും തേടുന്നത്. രോഗം പൊട്ടിപ്പുറപ്പെട്ട് രണ്ടുമാസത്തിന് ശേഷമാണ്, ചൈനയിൽ അത് പാരമ്യത്തിൽ എത്തിയത്. അമേരിക്കയിലും യൂറോപ്പിലും രോഗവ്യാപനം പരമാവധിയിൽ എത്തുന്നതോടെ സ്ഥിരത തിരിച്ചുവരും. വൈദ്യശാസ്‌ത്രപരമായ ഈ സംഖ്യയായിരിക്കും സാമ്പത്തിക/ധനകാര്യ/വിപണികളുടെ ഗതി നിർണയിക്കുക.
നേരത്തേ തന്നെ മാന്ദ്യം
ഏതാണ്ട് കൃത്യമായി തന്നെ പ്രവചിക്കാവുന്ന കാര്യമാണ് 2020ൽ ആഗോളതലത്തിൽ സമ്പദ്‌മാന്ദ്യം ഉണ്ടാകുമെന്നത്. നാമിപ്പോൾ തന്നെ മാന്ദ്യത്തിലാണ്. ഇത് വൻ മാന്ദ്യത്തിലേക്ക് നയിക്കുമെന്ന് ചിലർ ഭയപ്പെടുന്നു. പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത് ആഗോള സമ്പദ്‌രംഗം ഈവർഷം ഒരു ശതമാനം ചുരുങ്ങുമെന്നാണ്.
രണ്ടാംപാദത്തിലെ ഇടിവായിരിക്കും ഭീകരം. 2008-09ലാണ് ലോക സമ്പദ്‌രംഗം ഇതിനുമുമ്പ് ഇത്തരത്തിൽ ചുരുങ്ങിയത്. 2008ൽ വിപണിയുടെ തകർച്ച വലുതായിരുന്നു എങ്കിലും യഥാർത്ഥ സാമ്പത്തിക മേഖല പ്രവർത്തനനിരതമായിരുന്നു. എന്നാലിപ്പോൾ, ലോകത്തിന്റെ മിക്ക മേഖലകളും അടഞ്ഞുകിടക്കുന്നതിനാൽ സമ്പദ്‌മേഖല നിശ്‌ചലമാണ്.
പ്രവചനാതീതം
ഈ മാഹമാരി അവസാനിക്കുമെന്നും സമ്പദ്‌രംഗം നേട്ടത്തിലേക്ക് തിരിച്ചുവരുമെന്നും പ്രവചിക്കാനാകും. എന്നാൽ, ഇതിന്റെ സമയക്രമം കൃത്യമായി പ്രവചിക്കാനാവില്ല. ചിലപ്പോൾ രണ്ടുമാസം, ചിലപ്പോൾ ആറുമാസം... എന്നാൽ, തിരിച്ചുവരവ് അതിവേഗവും ശക്തവുമായിരിക്കും.
വലിയ വിപണിയായ അമേരിക്കയുടെ തളത്തിനൊത്ത് തുള്ളുകയായിരുന്നു നമ്മുടെ വിപണി. എന്നാൽ, കൊറോണ വൈറസ് ഉണ്ടാക്കിയ ആഘാതത്തിന്റെ കാര്യത്തിൽ ഇന്ത്യ എത്രയോ ഭേദമാണെന്നത് അഭിനന്ദനാർഹമാണ്. ചൂടുള്ള കാലാവസ്ഥ വൈറസ് വ്യാപനം മന്ദഗതിയിൽ ആക്കുമെന്ന് ഈയിടെ ഒരു പഠനം സൂചിപ്പിച്ചിരുന്നു. അതുകൊണ്ട്, ഇന്ത്യയിൽ കൊറോണ ആഘാതം കുറയാൻ സാദ്ധ്യതയുണ്ട്.
കാത്തിരിക്കുക,
ആത്മവിശ്വാസത്തോടെ
തീർച്ചയായും പേടിപ്പെടുത്തുന്ന കാലമാണിത്. ഇത്തരംഘട്ടങ്ങളിൽ ആത്മവിശ്വാസം അനിവാര്യമാണ്. വിപണി ഇപ്പോഴേ മൂന്നിലൊന്ന് താഴെപ്പോയിരിക്കുന്നു. വിപണിയിൽ നാം കാണുന്ന മൂല്യങ്ങൾ ഭീതിയുടെയും പരിഭ്രാന്തിയുടെയും ആശയക്കുഴപ്പങ്ങളുടെയും പ്രതിഫലനമാണ്. അതിനാൽ, ആത്‌മവിശ്വാസത്തോടെ ഇരിക്കുക.
ആകർഷകമായ വിലയിൽ ലഭിക്കുന്ന ഒന്നാംകിട ബ്ളൂചിപ്പ് ഓഹരികളിൽ നിക്ഷേപകർ കുറേശ്ശേയായി മുതൽമുടക്കാവുന്നതാണ്. ഈ ഘട്ടത്തിലും ആകർഷകമാണ് അതിവേഗം വിറ്റഴിക്കപ്പെടുന്ന ഉപഭോക്തൃ ഉത്‌പന്നങ്ങൾ, ഫാർമ, ഐ.ടി., ചില ധനകാര്യ ഓഹരികൾ എന്നിവ.
(ലേഖകൻ ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ ചീഫ് ഇൻവെസ്‌റ്ര്‌മെന്റ് സ്‌ട്രാറ്റജിസ്‌റ്രാണ്)