തിരുവനന്തപുരം : സംസ്ഥാനത്തെ ബിവറേജ് ഔട്ട്‍ലെറ്റുകളുടെ പ്രവര്‍ത്തന സമയത്തില്‍ നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. രാവിലെ 10 മണി മുതല്‍ അഞ്ച് മണി വരെ മാത്രമായിരിക്കും ബിവറേജുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക. ബാറുകളിലെ കൗണ്ടറുകള്‍ വഴി മദ്യം നല്‍കുന്നതിനെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
കൊറോണ വൈറസ് ബാധയെ തുടർന്ന് ബാറുകള്‍ അടച്ചെങ്കിലും സംസ്ഥാനത്തെ ബിവറേജ്സ് ഔട്ട്‍ലെറ്റുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിന്റെ സമയക്രമത്തില്‍ മാറ്റമുണ്ടായിരുന്നില്ല. തുടർന്നാണ് രാവിലെ 10 മണി മുതല്‍ അഞ്ച് മണി വരെ സമയം ക്രമീകരിച്ചത്. വരിയിൽ ഒരു മീറ്റർ ദൂരപരിധി നിർബന്ധമാണ്, ഇത് പാലിക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും എക്സൈസ് മന്ത്രി ടി. പി രാമകൃഷ്ണന്‍ വ്യക്തമാക്കി. ബാറുകളിലെ കൗണ്ടര്‍ വഴി മദ്യം നല്‍കുന്നതിന് നിയമഭേദഗതി കൊണ്ട് വരാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ബിവറേജുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനം ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍ പറഞ്ഞു. അതേസമയം ബിവറേജുകൾ അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് പാലക്കാട്, കോട്ടയം, പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ യുവമോർച്ച പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.