ചെന്നൈ: കൊറോണ വെെറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനമെങ്ങും പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആശ്വാസ പ്രഖ്യാപനവുമായി തമിഴ്നാടും ആന്ധ്രാപ്രദേശും. ഇരു സംസ്ഥാനങ്ങളിലെയും റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് ആയിരം രൂപ വീതം പ്രഖ്യാപിച്ചു. ഇരുസംസ്ഥാനങ്ങളും സൗജന്യ റേഷൻ നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ കാര്‍ഡ് ഉടമകള്‍ക്ക് 15 കിലോ അരി, ഒരു കിലോ പരിപ്പ്, ഒരു ലിറ്റര്‍ ഭക്ഷ്യ എണ്ണ എന്നിവ നല്‍കുമെന്ന് മുഖ്യന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു.
ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങി കൊറോണ രോഗികളുമായി ബന്ധപ്പെട്ട് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ഒരു മാസത്തെ ശമ്പളം അധികം നല്‍കുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി പറഞ്ഞു. ആന്ധ്രയില്‍ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും അരിയും ഒരു കിലോ ചുവന്ന പരിപ്പും സൗജന്യമായി നല്‍കും. കൂടാതെ സ്വകാര്യ-സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളും സ്ഥാപനങ്ങളും അടച്ചുപൂട്ടലിന്റെ കാലയളവിലടക്കമുള്ള ശമ്പളം നിര്‍ബന്ധമായും തൊഴിലാളികള്‍ക്ക് നല്‍കും. കരാര്‍ തൊഴിലാളികള്‍ക്കും ദിവസവേതനക്കാര്‍ക്കുമടക്കം ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകരുത്. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആന്ധ്ര സര്‍ക്കാര്‍ അറിയിച്ചു.
കേരളവും കൊറോണ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ജനജീവിതം വഴിമുട്ടുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 20,000 കോടിയുടെ സാമ്പത്തിക സഹായ പാക്കേജാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. ബി.പി.എൽ, അന്ത്യോദയ വിഭാഗങ്ങളിൽ ഉൾപ്പെട്ടിട്ടും പെൻഷൻ ലഭിക്കാത്ത കുടുംബങ്ങൾക്ക് 1000 രൂപ വീതം നൽകും. എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ എല്ലാ കുടുംബങ്ങൾക്കും 10 കിലോ അരി സൗജന്യമായി നൽകാനും, ഇതിനായി 100 കോടി മാറ്റി വയ്ക്കും തുടങ്ങിയ പാക്കേജാണ് സംസ്ഥാനം പ്രഖ്യാപിച്ചത്.