ബീജിംഗ്: കൊറോണയ്ക്ക് പിന്നാലെ ചൈനയിൽ ഹാന്റ വൈറസ് ബാധിച്ച് ഒരാൾ മരിച്ചു. യുനാൻ പ്രവിശ്യ സ്വദേശിയാണ് മരിച്ചത്. ഇയാൾ ബസിൽ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു മരണം. ഇതിന് പിന്നാലെ 32 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. കൊറോണയ്ക്ക് പിന്നാലെ ഹാന്റ വൈറസാകുമോ അടുത്ത ഭീഷണി എന്നതാണ് ആശങ്ക.
എന്താണ് ഹാന്റ വൈറസ്
മരണസാദ്ധ്യത കൂടുതലാണ്. എലികളും അണ്ണാനും ഉൾപ്പെടുന്ന വർഗത്തിൽപ്പെട്ട ജീവികളാണ് ഹാന്റയുടെ ഉറവിടം. ആരോഗ്യമുള്ളവർക്കും ഹാന്റ ബാധിക്കാം. എലികളുടെ മൂത്രം, കാഷ്ഠം, കൂടുകൾ തുടങ്ങിയവയിൽ സ്പർശിച്ച ശേഷം ആ കൈ കണ്ണിലോ മൂക്കിലോ വായിലോ തൊട്ടാൽ വൈറസ് പകരാം.
ലക്ഷണങ്ങൾ
പനി, തലവേദന, ശരീരവേദന, വയറുവേദന, ക്ഷീണം, കുളിര്, ദഹനപ്രശ്നങ്ങൾ, രോഗം മൂർച്ഛിച്ചാൽ ശ്വാസകോശ അണുബാധ. ഹാന്റ വൈറസ് പൾമണറി സിൻഡ്രം എന്നാണ് അസുഖം അറിയപ്പെടുന്നത്.
#2014 ജനുവരിയിൽ തിരുവനന്തപുരത്ത് പാലോട് ഒരു റബർ ടാപ്പിംഗ് തൊഴിലാളി ഹാന്റ വൈറസ് ബാധിച്ച് മരിച്ചിരുന്നു. ഇയാളുടെ മരണശേഷം മാത്രമാണ് കാരണം ഹാന്റയാണെന്ന് സ്ഥിരീകരിച്ചത്.