ബീജിംഗ്: കൊറോണ വൈറസിന്റെ വ്യാപനം തടയാനായി രാജ്യത്ത് പ്രഖ്യാപിച്ച യാത്ര നിയന്ത്രണം അവസാനിപ്പിക്കാനൊരുങ്ങി ചൈന. ലോകം മുഴുവൻ വൈറസിനെ അകറ്റാൻ യാത്ര നിയന്ത്രണങ്ങളും ലോക് ഡൗണും പ്രഖ്യാപിക്കുന്നതിനിടയിലാണ് കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിൽ നിയന്ത്രണങ്ങൾ അവസാനിപ്പിക്കുന്നത്.
കഴിഞ്ഞവർഷം അവസാനം കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ ഹുബൈ പ്രവിശ്യയിൽ ഇന്ന് അർദ്ധരാത്രി മുതൽ ആരോഗ്യമുള്ള താമസക്കാരെ യാത്ര ചെയ്യാൻ അനുവദിക്കുമെന്ന അധികൃതർ അറിയിച്ചു. ചൈനയിലെ ജനങ്ങൾ പുറംലോകം കണ്ടിട്ട് രണ്ട് മാസത്തിലേറെയായി. കൊറോണ വൈറസിനെ തിരിച്ചറിയാൻ വൈകിയതുമൂലം മൂവായിരത്തിലേറെ ജീവനുകളാണ് ചൈനയ്ക്ക് നഷ്ടമായത്.
ആദ്യം പതറിയെങ്കിലും രോഗത്തെ കൺട്രോളിലാക്കാനുള്ള 'തന്ത്രം' ചൈന വൈകാതെ പുറത്തെടുത്തു. ഇതോടെ പുതുതായി വൈറസ് ബാധിക്കുന്നവരുടെ എണ്ണം വളരെക്കുറഞ്ഞു. കൊറോണ പൊട്ടിപ്പുറപ്പെട്ടെന്ന് കരുതുന്ന വുഹാനിലടക്കം സ്ഥാപിച്ചിരുന്ന താത്കാലിക ആശുപത്രികളെല്ലാം നേരത്തേ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. വൈറസിനെ പിടിച്ചുകെട്ടാൻ ഡ്രോണുകൾ, യന്ത്രമനുഷ്യർ എന്നിവ ഉൾപ്പെടെ പുത്തൻ സാങ്കേതിക വിദ്യയുടെ പൂർണസഹായം ചൈന പ്രയോജനപ്പെടുത്തി. അതിലൂടെ കൂടുതൽ പേരിലേക്ക് വൈറസ് ബാധിക്കുന്നത് തടയാനായി.
അതേസമയം, കൊറോണയുമായി ബന്ധപ്പെട്ട് ലോകമെമ്പാടുമുള്ള അസാധാരണമായ നടപടികൾ ഏവരെയും പേടിപ്പെടുത്തുകയാണ്. രോഗവ്യാപനം തടയാൻ യാത്രവിലക്കുൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാമ് മിക്കരാജ്യങ്ങളും. ചിലർ ലോക്ഡൗൺ പ്രഖ്യാപിച്ചു കഴിഞ്ഞു.ഫലപ്രദമായ വാക്സിൻ കണ്ടെത്താനാകാത്തതിനാൽത്തന്നെ രോഗത്തെ ഇതുവരെ വരുതിയിലാക്കാൻ സാധിച്ചിട്ടില്ല എന്നത് ജനങ്ങളിൽ ആശങ്ക കൂട്ടുകയാണ്.