
സാമ്പത്തിക ഉത്തേജക പാക്കേജ് വൈകില്ല
ന്യൂഡൽഹി: ഇന്ത്യയിൽ സാമ്പത്തിക അടിയന്തരാവസ്ഥയുടെ സാഹചര്യമില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. കൊറോണ അടിച്ചേൽപ്പിക്കുന്ന മാന്ദ്യം തടയാൻ ഇന്ത്യ സജ്ജമാണ്. കൊറോണ മൂലം ഇന്ത്യ നേരിടുന്ന സമ്പദ്പ്രതിസന്ധി മറികടക്കാനുള്ള പദ്ധതികൾ പ്രഖ്യാപിക്കുകയായിരുന്നു നിർമ്മല.
ധനമന്ത്രി ഇന്നലെ മാദ്ധ്യമങ്ങളെ കാണുമെന്ന് അറിയിച്ചപ്പോൾ സാമ്പത്തിക ഉത്തേജക പാക്കേജാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാൽ, പാക്കേജിന്റെ പ്രഖ്യാപനം പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം രൂപീകരിച്ച എക്കണോമിക് ടാസ്‌ക് ഫോഴ്‌സ് വൈകാതെ നടത്തുമെന്ന് ധനമന്ത്രി പറഞ്ഞു.
രക്ഷാപാക്കേജ് വൈകുന്നത് ഇന്നലെ ഓഹരി വിപണിക്കും നിരാശയായി. ഒരുവേള 27,000വരെ ഉയർന്ന സെൻസെക്‌സും 7,950 പോയിന്റ് ഭേദിച്ച നിഫ്‌റ്റിയും യഥാക്രമം 26,674ലും 7,801ലുമാണ് വ്യാപാരാന്ത്യമുള്ളത്. സാധാരണക്കാർക്കും സമ്പദ്‌ലോകത്തിനും ആശ്വാസമേകുന്ന പ്രഖ്യാപനങ്ങൾ ധനമന്ത്രി ഇന്നലെ നടത്തി. ഇത്, വരും ദിനങ്ങളിൽ ഓഹരി വിപണിക്ക് ആത്മവിശ്വാസമേകും. കിട്ടാക്കടക്കാർക്കെതിരെ ബാങ്കുകളെടുക്കുന്ന ഐ.ബി.സി നിയമനടപടിയുടെ കുറഞ്ഞപരിധി ഒരുകോടി രൂപയാക്കി. നിലവിൽ, ഒരുലക്ഷം രൂപയ്ക്കുമേലുള്ള വായ്‌പ കിട്ടാക്കടം ആക്കുന്നവർക്കെതിരെയാണ് നടപടി.
ഐ.ബി.സിയിലെ കടുത്ത ചട്ടങ്ങൾ നടപ്പാക്കുന്നത് ആറുമാസത്തേക്ക് നീട്ടുന്നതും പരിഗണിക്കും. ഇത്, കേസുകളുടെ നൂലാമാലകളുള്ള കമ്പനികൾക്ക് ആശ്വാസമാണ്. 2018-19ലെ ഇൻകം ടാക്‌സ് റിട്ടേൺ സമർപ്പണത്തീയതി ജൂൺ 30ലേക്ക് നീട്ടി. വൈകിയുള്ള പണമടയ്ക്കലിന്റെ പിഴ 12ൽ നിന്ന് 9 ശതമാനമാക്കി. ആദായ നികുതി നിയമം, വെൽത്ത് ടാക്‌സ് ആക്‌ട്, ബിനാമി ഇടപാട് നിയമം, കള്ളപ്പണ നിരോധന നിയമം, നികുതിവെട്ടിപ്പ് തടയാനുള്ള വിവാദ് സേ വിശ്വാസ് എന്നിവ പ്രകാരമുള്ള നടപടികളും ജൂൺ 30വരെ നീട്ടി.
വിവാദ് സേ വിശ്വാസ് പ്രകാരമുള്ള നികുതി ഒടുക്കുമ്പോൾ, യഥാർത്ഥ തുകയ്ക്കുമേലുള്ള 10 ശതമാനം അധികനിരക്ക് ഒഴിവാക്കി. അഞ്ചുകോടി രൂപയ്ക്ക് താഴെ വിറ്റുവരവുള്ള കമ്പനികൾ പലിശയും പിഴയും ലേറ്റ് ഫീയും ഒടുക്കേണ്ട. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലേക്കുള്ള ജി.എസ്.ടി റിട്ടേൺ തീയതി ജൂൺ 30ലേക്ക് നീട്ടിയതും ആശ്വാസമാണ്. ആധാർ-പാൻ കാർഡ് ബന്ധിപ്പിക്കാനുള്ള തീയതിയും ജൂൺ 30വരെ നീട്ടിയ ധനമന്ത്രി, കമ്പനികൾ നിർബന്ധമായും ചേരേണ്ട ഡയറക്‌ടർ ബോർഡ് യോഗം 60 ദിവസത്തേക്കും നീട്ടി.
''നിലവിലെ സാഹചര്യം കേന്ദ്രവും റിസർവ് ബാങ്കും ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്. ധനകാര്യ ടാസ്‌ക് ഫോഴ്‌സ് പ്രവർത്തനം തുടങ്ങി. സാമ്പത്തിക രക്ഷാ പാക്കേജ് വൈകാതെ പ്രഖ്യാപിക്കും"",
നിർമ്മല സീതാരാമൻ,
കേന്ദ്ര ധനമന്ത്രി
ഓഹരി വിപണി
നേട്ടത്തിൽ
വ്യാപാരത്തുടക്കത്തിലെ വൻകുതിപ്പിന്റെ ആവേശം, സാമ്പത്തിക രക്ഷാപാക്കേജ് പ്രഖ്യാപനമില്ലാത്തത് മൂലം വൈകിട്ടോടെ കൈവിട്ടെങ്കിലും ഇന്ത്യൻ ഓഹരികൾ രുചിച്ചത് ആശ്വാസമധുരം. സെൻസെക്‌സ് 692 പോയിന്റ് നേട്ടവുമായി 26,674ലും നിഫ്‌റ്റി 190 പോയിന്റുയർന്ന് 7,801ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യൂണിലർ, അദാനി പോർട്‌സ്, ബ്രിട്ടാനിയ, ബജാജ് ഫിനാൻസ്, മാരുതി സുസുക്കി എന്നിവ മികച്ച നേട്ടമുണ്ടാക്കി. തിങ്കളാഴ്‌ച സെൻസെക്‌സും നിഫ്‌റ്റിയും ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച നേരിട്ടിരുന്നു. 4,035 പോയിന്റുവരെയാണ് സെൻസെക്‌സ് ഇടിഞ്ഞത്.
₹1.82 ലക്ഷം കോടി
ഇന്നലെ സെൻസെക്‌സിന്റെ മൂല്യത്തിലുണ്ടായ വർദ്ധന 1.82 ലക്ഷം കോടി രൂപ. തിങ്കളാഴ്‌ച 14.22 ലക്ഷം കോടി രൂപ നഷ്‌ടപ്പെട്ടിരുന്നു.
രൂപയ്ക്കും ആശ്വാസം
തിങ്കളാഴ്‌ച ഡോളറിനെതിരെ റെക്കാഡ് താഴ്‌ചയായ 76.30ലേക്ക് കൂപ്പുകുത്തിയ രൂപ, ഇന്നലെ 76.18ലേക്ക് നിലമെച്ചപ്പെടുത്തി.