ന്യൂഡൽഹി: അടുത്ത മൂന്നു മാസം ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഏതു ബാങ്കിന്റെ എ.ടി.എമ്മിൽ നിന്നും സർവീസ് ചാർജ് നൽകാതെ പണം പിൻവലിക്കാൻ അവസരം നൽകിയും, സേവിംഗ്സ് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് നിബന്ധന ഒഴിവാക്കിയും കൊറോണക്കാലത്തെ സാമ്പത്തിക ആശ്വാസ നടപടികൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ആദായ നികുതി, ജി.എസ്.ടി, ബാങ്കിംഗ്, കമ്പനി, കോർപറേറ്റ് മേഖലകൾക്കാണ് പ്രയോജനം.
2018-19ലെ ആദായ നികുതിയും മാർച്ച്, ഏപ്രിൽ, മേയ് മാസത്തിലെ ജി.എസ്.ടി നികുതിയും അടയ്ക്കാനുള്ള അവസാന തീയതി ജൂൺ 30വരെ നീട്ടിയതാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തിയ മറ്റൊരു പ്രധാന പ്രഖ്യാപനം. ഡിജിറ്റൽ വാണിജ്യ ഇടപാടുകൾ കുറഞ്ഞ ബാങ്കിംഗ് നിരക്കിൽ നടത്താം.
ആദായനികുതി അടയ്ക്കാൻ വൈകുന്നവർക്കുള്ള പിഴ നിലവിലെ 12 ശതമാനത്തിൽ നിന്ന് 9 ശതമാനമായി കുറച്ചു... ആധാർ പാൻ കാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള തീയതി ജൂൺ 30ലേക്ക് നീട്ടി. മാർച്ച് 31 ആയിരുന്നു അവസാന തീയതി.കൊറോണയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ നടപ്പാക്കേണ്ട അവസ്ഥയില്ലെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. കൊറോണയെ നേരിടാൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി രൂപീകരിച്ച ടാസ്ക് ഫോഴ്സ് ചേർന്നാണ് സാമ്പത്തിക ഇളവുകൾക്ക് രൂപം നൽകിയത്.
ജൂൺ 30വരെ നീട്ടിയ മറ്റു ഇളവുകൾ
5 കോടി രൂപ വരെ വിറ്റുവരവുള്ള കമ്പനികൾ പിഴ അടയ്ക്കേണ്ട
വിവാദ് സേ വിശ്വാസും (നികുതി തർക്കം) പരിഹരിക്കാം
കസ്റ്റംസ് ക്ലിയറൻസ് എല്ലാ ദിവസവും 24 മണിക്കൂറും
മാർച്ച് 20നും ജൂൺ 30നും ഇടയിൽ മുൻകൂർ നികുതി, സെൽഫ് അസസ്മെന്റ് നികുതി, ടി.ഡി.എസ്, ടി.സി.എസ് തുടങ്ങിയവയിലെ പിഴപ്പലിശ 9 ശതമാനമാക്കി. നിലവിൽ 12-18%.
ജി.എസ്.ടി
55കോടിക്ക് മുകളിൽ വരുമാനമുള്ളവർക്ക് മാർച്ച് - മേയ് റിട്ടേൺസ് 9 ശതമാനം പലിശയോടെ (നിലവിൽ 18%) സമർപ്പിക്കാം
കോമ്പോസിഷൻ സ്കീമിലേക്ക് മാറാനുള്ള അപേക്ഷയ്ക്കും കോമ്പോസിഷൻ ഡീലർമാരുടെ റിട്ടേൺസിനും സാവകാശം
2018-19 സാമ്പത്തിക വർഷത്തെ ജി.എസ്.ടി വാർഷിക റിട്ടേൺസ് ജൂൺ അവസാന വാരം വരെ (നിലവിൽ മാർച്ച് 31)
കോർപറേറ്റ് മേഖല
120 ദിവസം കൂടുമ്പോൾ കമ്പനി ബോർഡ് യോഗം കൂടണമെന്ന ചട്ടത്തിൽ ഇളവ്. രണ്ടു മാസത്തെ അധിക സമയം. ഇളവ് സെപ്തംബർ 30വരെയുള്ള പാദത്തിൽ
ഏപ്രിൽ ഒന്നിനും സെപ്തംബർ 30നും ഇടയിലെ മോറട്ടോറിയം കാലത്ത് റിട്ടേൺസ്, സ്റ്റേറ്റ്മെന്റ്സ്, രേഖകൾ എന്നിവ സമർപ്പിക്കാത്തവരിൽ നിന്ന് അധിക ഫീ ഈടാക്കില്ല.