ന്യൂയോർക്ക്: കൊറോണ പ്രതിരോധിക്കാൻ സ്വയം ചികിത്സ നടത്തിയ ദമ്പതിമാരിൽ ഭർത്താവ് മരിച്ചു. അവശനിലയിലായ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യു.എസിലെ മാരിക്കോപ്പ കൗണ്ടിയിലാണ് സംഭവം നടന്നത്. വയോധികരായ ദമ്പതിമാർ അക്വാറിയം ശുചീകരിക്കാൻ ഉപയോഗിക്കുന്ന ക്ലോറോക്വയ്ൻ ഫോസ്ഫേറ്റാണ് സ്വയം ചികിത്സയ്ക്കായി ഉപയോഗിച്ചത്. ഇത് കഴിച്ചതിന് പിന്നാലെ ഇരുവർക്കും ശക്തമായ ഛർദ്ദിയുണ്ടായി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഭർത്താവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഭാര്യയുടെ നില ഗുരുതരമാണെങ്കിലും പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.
മലേറിയ പ്രതിരോധ മരുന്നിലടക്കം ഉപയോഗിക്കുന്ന ക്ലോറോക്വയ്ൻ കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ നിർണായക പങ്കുവഹിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.
ഇതിനെ തുടർന്ന് ക്ലോറോക്വയ്ൻ വിൽപ്പന വർദ്ധിച്ചിരുന്നു. എന്നാൽ ഇത് കൊറോണയ്ക്കെതിരെയുള്ള പ്രതിരോധ മരുന്നായി ഉപയോഗിക്കാമെന്നതിന് യാതൊരു സ്ഥിരീകരണവുമില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.