hockey-team

ലോകം മുഴുവൻ കൊറോണ പടരുമ്പോൾ കായിക താരങ്ങളും ആശങ്കയിലാണ്. മത്സരങ്ങളോ പരിശീലനമോ ഇല്ലാത്ത അവസ്ഥയിലാണ് പലരും. ഇന്ത്യൻ ക്യാമ്പിലുള്ളവർക്ക് വീട്ടിലേക്ക് പോകാനാകുന്നില്ല. പുറത്തുനിന്നുള്ള ആരെയും ക്യാമ്പിലേക്ക് കയറ്റിവിടുന്നുമില്ല. ഇൗ അവസ്ഥയിലെ അവരുടെ വിശേഷങ്ങളിലേക്ക്

ശ്രീജേഷ് വായനയിലാണ്

ഇന്ത്യൻ ഹോക്കി ടീമിന്റെ മുൻ ക്യാപ്ടനും മലയാളി ഗോൾകീപ്പറുമായ പി.ആർ ശ്രീജേഷ് ടീമിനാെപ്പം ബാംഗ്ളൂർ സായ് സെന്ററിലെ ക്യാമ്പിലാണ്.ഒളിമ്പിക്സ് ഇനിയും മാറ്റിവച്ചിട്ടില്ലാത്തതിനാൽ പരിശീലനം മുറതെറ്റാതെ നടക്കുന്നുണ്ട്. എന്നാൽ സെന്ററിന് പുറത്തേക്ക് വിടാത്തതിനാൽ ഫ്രീ ടൈം ഇഷ്ടം പോലെ. ഇൗ സമയം പുസ്തകവായനയ്ക്കായി മാറ്റിവച്ചിരിക്കുകയാണ് ശ്രീ. ഡാവിഞ്ചി കോഡ്, ഹെലൻ കെല്ലറുടെ ആത്മകഥ തുടങ്ങിയവയാണ് ശ്രീ ഇതിനകം വായിച്ചുതീർത്ത പുസ്തകങ്ങൾ. ഇനിയും കുറച്ച് പുസ്തകങ്ങൾ കൂടി ശേഖരിച്ച് വച്ചിട്ടുണ്ട്.

അതേസമയം കൊച്ചി കാക്കനാട്ടുള്ള 60കാരനായ തന്റെ അച്ഛന്റെയും ഏഴുവയസുകാരനായ മകന്റെയും കാര്യത്തിലാണ് ശ്രീയുടെ ആശങ്കകൾ. ഫോണിലൂടെ കുടുംബാംഗങ്ങളുമായി സംസാരിക്കുകയാണ് കൂടുതൽ സമയവും ചെയ്യുന്നതെന്ന് ശ്രീജേഷ് പറഞ്ഞു.

ഇംഗ്ളീഷ് പഠിച്ച് മൻദീപ്

കിട്ടുന്ന സമയം ഇംഗ്ളീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാൻ പഠിക്കുകയാണ് ഫോർവേഡ് മൻദീപ് സിംഗ്. ബാംഗ്ളൂരിലെ ക്യാമ്പിൽ ടീമിനാെപ്പമുള്ള അനലിറ്റിക്കൽ കോച്ച് ക്രിസ് സിരിയെല്ലോയുടെ ഭാര്യയാണ് ഇംഗ്ളീഷ് ടീച്ചർ. ഹോക്കി പരിശീലനം കഴിഞ്ഞ് മൻദീപും കൂട്ടുകാരും ടീച്ചർക്കൊപ്പം സ്പോക്കൺ ഇംഗ്ളീഷ് പാഠങ്ങൾ പരിശീലിക്കാനെത്തും. ഒളിമ്പിക്സിന് പോകുമ്പോൾ മണിമണിയായി ഇംഗ്ളീഷ് സംസാരിക്കാൻ എല്ലാവരും പഠിച്ചിരിക്കുമെന്നാണ് മൻദീപ് പറയുന്നത്.

കൊറോണക്കാലം കളിക്കാർ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുമെന്നാണ് പരിശീലകൻ ഗ്രഹാം റീഡ് പറയുന്നത്. കൊറോണയെ അകറ്റിനിറുത്താൻ കളിക്കാർ കാട്ടുന്ന ഒത്തൊരുമ കളിക്കളത്തിലും അവർക്ക് ഗുണകരമാകുമെന്ന് കോച്ച് കണക്കുകൂട്ടുന്നു.

സഹായിക്കാൻ സാനിയ

ലോക്ക്ഡൗണിൽ എല്ലാവരും വീട്ടിലിരിക്കുമ്പോൾ അന്നന്ന് അദ്ധ്വാനിച്ച് കുടുംബം പുലർത്തുന്ന തൊഴിലാളികളെ സഹായിക്കാൻ ഒരുങ്ങുകയാണ് ടെന്നിസ് താരം സാനിയ മിർസ. സഫ എന്ന സന്നദ്ധ സംഘടനയുമായി ചേർന്ന് ഇതിനായി പണം സ്വരൂപിക്കുകയാണ് സാനിയ. ദിവസക്കൂലിക്കാരായ തൊഴിലാളികൾക്കായി എല്ലാവരും കഴിയുന്നത്ര സഹായങ്ങൾ നൽകണമെന്ന് ആവശ്യപ്പെടുന്ന വീഡിയോ സാനിയ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

കൊറോണ ബാധിതരെ സഹായിക്കാൻ മറ്റ് പലകായികതാരങ്ങളും രംഗത്തുവന്നിട്ടുണ്ട്.ഗുസ്തി താരം ബജ്റംഗ് പൂനിയ തന്റെ ആറുമാസത്തെ ശമ്പളം ഹരിയാന സർക്കാരിന്റെ കൊറോണ റിലീഫ് ഫണ്ടിലേക്ക് സംഭാവന ചെയ്തു.ഡൽഹി എം.പി കൂടിയായ മുൻ ക്രിക്കറ്റർ ഗൗതം ഗംഭീർ തന്റെ എം.പി ഫണ്ടിൽ നിന്ന് അരക്കോടി രൂപ ആശുപത്രികളിൽ വെന്റിലേറ്റർ ഉൾപ്പടെയുള്ള സൗകര്യങ്ങൾ സ്ഥാപിക്കാനായി അനുവദിച്ചു.