omar-abdullah

ശ്രീനഗർ: എട്ട് മാസത്തെ വീട്ടുതടങ്കലിന് ശേഷം ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള

ഒടുവിൽ ഹരി നിവാസിൽ നിന്ന് പുറത്തിറങ്ങി. ഫെബ്രുവരി അഞ്ചിന് പബ്ലിക് സേഫ്റ്റി ആക്റ്റ് പ്രകാരമുള്ള കുറ്റങ്ങൾ സുപ്രീംകോടതി റദ്ദാക്കിയതിനെ തുടർന്നാണ് മോചനം പ്രാവർത്തികമായത്. വിഷയത്തിൽ കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന്, ഒമറിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ സഹോദരി നൽകിയ ഹർജി പരിഗണിക്കവെ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു.

പുറത്തിറങ്ങിയ ഉടൻ തന്നെ അദ്ദേഹം മാദ്ധ്യമപ്രവർത്തകരുമായി ഇന്ത്യയിലെമ്പാടും കൊറോണ പടരുന്നതിനെ കുറിച്ചുള്ള ആശങ്ക പങ്കുവച്ചു. ഒപ്പം വീട്ടുതടങ്കലിൽ ഇപ്പോഴും തുടരുന്ന തന്റെ പ്രധാന രാഷ്ട്രീയ എതിരാളിയായ മെഹബൂബ മുഫ്തി, മറ്റ് രാഷ്ട്രീയ നേതാക്കൾ എന്നിവരുടെ മോചനം സാദ്ധ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. 2019 ആഗസ്റ്റ് അഞ്ചിന് മുൻപുള്ള ലോകത്തിൽ നിന്ന് ഏറെ വ്യത്യസ്തമായാണ് കാര്യങ്ങൾ അനുഭവപ്പെടുന്നതെന്ന് ഒമർ ട്വിറ്ററിൽ കുറിച്ചു. വിമോചിതനാക്കിയതിന്റെ സർക്കാർ ഉത്തരവും വാഹനത്തിന് അകത്തിരുന്നുള്ള തന്റെ ചിത്രവും മാതാപിതാക്കളോടൊപ്പമുള്ള ചിത്രവും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

കാശ്മീർ പുനഃസംഘടനയ്ക്ക് ശേഷം 2019 ആഗസ്റ്റ് അഞ്ച് മുതലാണ് ഒമർ അടക്കമുള്ള നേതാക്കളെ സർക്കാർ തടവിലാക്കിയത്. തടങ്കലിൽ ചെലവിട്ടകാലം ഒമർ പ്രതിഷേധാത്മകമായി താടി വളർത്തിയിരുന്നു. ഈ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.