യൂറോകപ്പിനും കോപ്പ അമേരിക്കയ്ക്കും പിന്നാലെ ഒളിമ്പിക്സും ഒരു വർഷത്തേക്ക് നീട്ടി
ടോക്കിയോ/ സൂറിച്ച് : യൂറോ കപ്പില്ല, കോപ്പ അമേരിക്ക ഇല്ല, യൂറോപ്യൻ ഫുട്ബാൾ ലീഗുകളൊന്നുമില്ല, ഐ.പി.എൽ ഇൗ സീസണിൽ നടക്കുമെന്ന് ഒരുറപ്പുമില്ല.... ഒടുവിൽ ഒളിമ്പിക്സും ഒരുവർഷത്തേക്ക് മാറ്റിയതോടെ ലോകമെമ്പാടുമുള്ള കായികമേഖല അക്ഷരാർത്ഥത്തിൽ ലോക്ക് ഡൗണിലായിരിക്കുകയാണ്. കാണികളില്ലാതെ നടത്തിവന്ന ആസ്ട്രേലിയൻ ഫുട്ബാൾ ലീഗും നിറുത്തിവച്ചു.
ഫുട്ബാൾ, ക്രിക്കറ്റ് , അത്‌ലറ്റിക്സ് തുടങ്ങി ഒരു കായികമത്സരം പോലും ഒരിടത്തും നടക്കുന്നില്ല.എന്തുവിലകൊടുത്തും നിശ്ചിത സമയത്ത്തന്നെ ഒളിമ്പിക്സ് നടത്തുമെന്ന് ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി നിലപാടെടുത്തിരുന്നെങ്കിലും ഒടുവിൽ അന്താരാഷ്ട്ര സമ്മർദ്ദത്തിന് വഴങ്ങിയാണ് ഒരു വർഷത്തേക്ക് ടോക്കിയോ ഗെയിംസ് നീട്ടാനുള്ള തീരുമാനത്തിലെത്തിയത്.
കഴിഞ്ഞയാഴ്ച ഐ.ഒ.സി ഭാരവാഹികളും ടോക്കിയോ ഗെയിംസ് ഒാർഗനൈസിംഗ് കമ്മിറ്റി ഭാരവാഹികളും ചേർന്ന് എല്ലാ രാജ്യങ്ങളിലെയും ഒളിമ്പിക് അസോസിയേഷനുകളുമായും എല്ലാ ഇന്റർനാഷണൽ ഫെഡറേഷനുകളുമായും അടിയന്തിര യോഗം നടത്തിയിരുന്നു. ഒളിമ്പിക്സ് മാറ്റിവയ്ക്കുന്നതിനെപ്പറ്റി ഇപ്പോൾ തീരുമാനമെടുക്കാറായിട്ടില്ലെന്നും കൃത്യസമയത്ത് നടത്തുന്നതിനെക്കുറിച്ച് മാത്രമാണ് ആലോചിക്കുന്നതെന്നും കായിക താരങ്ങൾ ഒളിമ്പിക്സിനുള്ള പരിശീലനം തുടരണമെന്നും യോഗത്തിന് ശേഷം ഐ.ഒ.സി തലവൻ തോമസ് ബാച്ച് പറഞ്ഞിരുന്നു.
ഐ.ഒ.സി നിലപാട് പക്ഷേ കായിക ലോകത്ത് എതിർപ്പുകളാണ് ക്ഷണിച്ചുവരുത്തിയത്. ലോക അത്ലറ്റിക് ഫെഡറേഷൻ തലവൻ സെബാസ്റ്റ്യൻ കോ അടക്കമുള്ള കായിക ഭരണാധികാരികളും ഒട്ടേറെ ഒളിമ്പ്യൻ അത്‌ലറ്റുകളും ഐ.ഒ.സി നിലപാടിനെ വിമർശിച്ച് രംഗത്ത് വന്നിരുന്നു.
ആതിഥേയരായ ജപ്പാൻ കൊറോണക്കാലത്തിന്റെ തുടക്കംമുതൽ ഗെയിംസ് മാറ്റിവയ്ക്കണമെന്ന നിലപാടിലായിരുന്നു.ജപ്പാൻ കായികമന്ത്രിയടക്കമുള്ളവർ പാർലമെന്റിൽപോലും ഇക്കാര്യം സൂചിപ്പിച്ചെങ്കിലും മാറ്റിവയ്ക്കാൻ പറ്റില്ലെന്ന നിലപാടിൽ ഐ.ഒ.സി ഉറച്ചുനിൽക്കുകയായിരുന്നു. എന്ത് തീരുമാനമെടുക്കാനും മേയ് മാസംവരെ കാത്തിരിക്കണമെന്നും ജപ്പാന് നിർദ്ദേശം നൽകി. ഇതോടെ ജപ്പാനും കൃത്യസമയത്ത് നടത്തുമെന്ന് നിലപാടെടുക്കേണ്ടിവന്നു.ലോകരാജ്യങ്ങളുടെ സമ്മർദ്ദം ശക്തമായതിനെത്തുടർന്ന് ഒരുമാസത്തിനം തീരുമാമെടുക്കാമെന്ന് അറിയിക്കുകയും മാറ്റിവയ്ക്കുന്നതിന് പദ്ധതി രൂപീകരിക്കാൻ ജപ്പാനോട് ആവശ്യപ്പടുകയും ചെയ്തതിന് പിന്നാലെയാണ് കാനഡയുടെയും ആസ്ട്രേലിയയുടെയും ബഹിഷ്കരണ ഭീഷണി ഉയർന്നത്. ഇതോടെ ഒറ്റദിവസം കൊണ്ട് തീരുമാനം വരികയായിരുന്നു.
ഒളിമ്പിക്സ് മാറ്റലോടെ അടുത്തവർഷം കായികരംഗത്ത് മത്സരങ്ങളുടെ കൂട്ടപ്പൊരിച്ചിലുണ്ടാകുമെന്ന് ഉറപ്പായി.അടുത്ത വർഷം ജൂൺ -ജൂലായ് മാസങ്ങളിലാണ് യൂറോകപ്പും കോപ്പയും നടക്കുന്നത്. തൊട്ടുപിന്നാലെ ഒളിമ്പിക്സ്. ഇൗ വർഷം മാറ്റിവച്ചിരിക്കുന്ന മിക്കവാറും മത്സരങ്ങൾ കൊറോണയെ പിടിച്ചുകെട്ടിയ ശേഷമേ നടക്കാനിടയുള്ളൂ.
നടക്കാത്ത ഒളിമ്പിക്സുകൾ 3
പകർച്ച വ്യാധിയെപ്പേടിച്ച് ഒളിമ്പിക്സ് മാറ്റിയ്ക്കേണ്ടിവരുന്നത് ആദ്യമാണെങ്കിലും ലോക മഹായുദ്ധങ്ങൾ കാരണം മൂന്ന് ഒളിമ്പിക്സുകൾ മാറ്റിവച്ചിട്ടുണ്ട്.
1916
ൽ ബെർലിനിൽ നടത്താൻ നിശ്ചയിച്ചിരുന്ന ആറാമത്തെ ഒളിമ്പിക്സ് ഒന്നാം ലോക മഹായുദ്ധത്തെ തുടർന്നാണ് ഉപേക്ഷിച്ച ത്.നാല് വർഷത്തിന് ശേഷം ആന്റ് വെർപ്പിലാണ് അടുത്ത ഒളിമ്പിക്സ് നടന്നത്.
1940ലെ
ഒളിമ്പിക്സിനുള്ള വേദി ആദ്യം അനുവദിച്ചിരുന്നത് ടോക്കിയോയ്ക്കാണ്. എന്നാൽ ജപ്പാന്റെ ഏഷ്യൻ അധിനിവേശം കാരണം ഗെയിംസ് വേദി ഹെൽസിങ്കിയിലേക്ക് മാറ്റി. രണ്ടാം ലോകമഹായുദ്ധം 1938ൽ തുടങ്ങിയതോടെ ഇൗ ഒളിമ്പിക്സും മുടങ്ങി.
1944
ൽ ലണ്ടനിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒളിമ്പിക്സും മുടക്കിയത് രണ്ടാം ലോക മഹായുദ്ധമാണ്.
തീരുമാനം ആയത്
ടെലഫോൺ ചർച്ചയിൽ
ടോക്കിയോ : നിശ്ചയിച്ച സമയത്തുതന്നെ ഗെയിംസ് നടത്താൻ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയും ആതിഥേയരായ ജപ്പാനും അവസാനംവരെ ശ്രമിച്ചെങ്കിലും കാനഡയും ആസ്ട്രേലിയയും ബഹിഷ്കരണഭീഷണി മുഴക്കുകയും അമേരിക്കയും ബ്രിട്ടനുമടക്കമുള്ള രാജ്യങ്ങൾ ശക്തമായി സമ്മർദ്ദം ചെലുത്തുകയും ചെയ്തതോടെയാണ് ഗെയിംസ് മാറ്റിവയ്ക്കാൻ തീരുമാനിച്ചത്.
ഇന്നലെ ഐ.ഒ.സി പ്രസിഡന്റ് തോമസ് ബാച്ചും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും തമ്മിൽ നടത്തിയ ടെലഫോണിക് കോൺഫറൻസിലാണ് അന്തിമതീരുമാനമുണ്ടായത്. ഗെയിംസ് ഒരുവർഷത്തേക്ക് മാറ്റിവയ്ക്കുന്നതാണ് നല്ലതെന്ന് കഴിഞ്ഞദിവസങ്ങളിൽ ജപ്പാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരു മാസത്തിനകം അന്തിമതീരുമാനമെടുക്കാമെന്നതായിരുന്നു ഐ.ഒ.സി നിലപാട്. എന്നാൽ തീരുമാനം ഉടനടി വേണമെന്ന് ആഗോള തലത്തിൽ ആവശ്യമുയർന്നതോടെയാണ് ബാച്ചും ആബെയും ഇന്നലെ ചർച്ച നടത്തി തീരുമാനമെടുത്തത്.
ഗെയിംസ് ഉപേക്ഷിക്കരുതെന്നും ഒരു വർഷത്തിനുള്ളിൽ നടത്താമെന്നും ആബേ അഭ്യർത്ഥിച്ചപ്പോൾ കായിക താരങ്ങളുടെ ആരോഗ്യത്തെ മുൻ നിറുത്തി അതിനോട് ബാച്ചും യോജിക്കുകയായിരുന്നു.