pinarayi-vijayan

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14പേർക്ക് കൊറോണ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി . ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 105 ആയി. രോഗം സ്ഥിരീകരിച്ചവരുടെ കൂട്ടത്തിൽ ഒരു ആരോഗ്യപ്രവർത്തകയും ഉണ്ട്. ആറു പേർ കാസർകോട് ജില്ലക്കാരാണ്. രണ്ടുപേർ കോഴിക്കോടും എട്ടു പേർ ദുബായിൽ നിന്ന് വന്നവരുമാണ്. ഒരാൾ ഖത്തറിൽ നിന്നും മറ്റൊരാൾ യു.കെയിൽ നിന്നും വന്നവരിൽപെടുന്നു. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നവരാണ്. 72460 പേരാണ് സംസ്ഥാനത്ത് കൊറോണ നിരീക്ഷണത്തിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിൽ 71,994പേർ വീടുകളിലും 467 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്നുമാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 164പേരെയാണ്.

ലോക്ക്ഡൗൺ പ്രഖ്യാപിച്ച ആദ്യദിവസമായ ഇന്ന് സർക്കാർ സ്വീകരിച്ചിട്ടുള്ള ഗൗരവതരമായ നടപടികൾക്ക് വിരുദ്ധമായ കാര്യങ്ങളാണ് നാട്ടിൽ കണ്ടതെന്ന് മുഖ്യമന്ത്രി വിമർശിച്ചു. അനാവശ്യമായ യാത്രകളും പുറത്തിറങ്ങലുമൊക്കെ ഇന്ന് ദൃശ്യമായി. എല്ലാ യാത്ര വാഹനങ്ങളും സർവീസ് അവസാനിപ്പിക്കണം. ടാക്‌സി ഓട്ടോറിക്ഷ എന്നിവ അടിയന്തര വൈദ്യസഹായത്തിനും ആവശ്യസാധനങ്ങളും ഔഷധങ്ങളും വാങ്ങുന്നതിന് മാത്രമേ സർവീസ് നടത്താൻ പാടുള്ളുവെന്ന് മുഖ്യമന്ത്രി നിഷ്‌കർഷിച്ചു. സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർക്ക് പുറമെ ഒരു മുതിർന്ന ആൾക്ക് മാത്രമേ യാത്ര ചെയ്യാൻ അനുമതിയുള്ളൂ.

അഞ്ചിലധികം പേർ പൊതുസ്ഥലത്ത് ഒത്തുചേരുന്നത് നിരോധിച്ചിരിക്കുകയാണ്. പച്ചക്കറി,​ പാൽ,​ പലവ്യജ്ഞനങ്ങൾ,​ ബേക്കറി,​ കാലിത്തീറ്റ തുടങ്ങിയവ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ വൈകിട്ട് അഞ്ചുവരെ പ്രവർത്തിക്കാം. ലോക്ക് ഡൗൺ എല്ലാവർക്കും ബാധകം. അത്യാവശ്യ യാത്രക്കാർ സത്യവാങ്മൂലം നൽകണം. നൽകുന്ന വിവരം തെറ്റായാൽ ശക്തമായ നടപടി സ്വീകരിക്കും. എവിടെയാണ് യാത്ര എപ്പോൾ തിരിച്ചു വരും എന്നത് ഉൾപ്പെടെ സത്യവാങ്മൂലത്തിൽ ഉണ്ടാകണം. വിനോദത്തിനും ആർഭാടത്തിനുമുള്ള ഒരു കടയും തുറക്കില്ല. കടകളിൽ സുരക്ഷ ക്രമീകരണം ഒരുക്കും. കൈ കഴുകാനുള്ള സംവിധാനം ഉണ്ടാകും. അവശ്യ സാധനങ്ങളുടെ വില കൂട്ടനോ പൂഴ്‌ത്തിവക്കനോ പാടില്ല. അങ്ങനെ ചെയ്യുന്നത് നിയമ വിരുദ്ധമായ നടപടിയാണ് അങ്ങനെ ചെയ്താൽ ശകമായ നടപടി സ്വീകരിക്കും.

മാദ്ധ്യമ പ്രവർത്തകർക്കും സർക്കാർ ഓഫീസർമാരും സ്വന്തം ഐ ടി കാർഡ് ഉപയോഗിച്ചാൽ മതിയാകും. അക്രഡിറ്റിഷൻ ഇല്ലാത്തവർക്കും സ്ഥാപനത്തിന്റെ ഐടി ഉപയോഗിക്കാം. ജോലി കഴിഞ്ഞ് പോകുന്ന മാദ്ധ്യമ പ്രവർത്തകർക്ക് സുരക്ഷ ഒരുക്കും. നിത്യവൃത്തിക്ക് വകയില്ലാത്ത കുടുബങ്ങളെ സഹായിക്കും അവർക്ക് ഭക്ഷണവും മരുന്നും മറ്റ് അത്യാവശ്യ കാര്യങ്ങളും എത്തിക്കും, വാർഡ് തലത്തിൽ അവരുടെ എണ്ണം എടുത്ത ശേഷം വേണ്ട നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏൽപ്പിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

താമസിക്കാൻ വീടില്ലാതെ തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണം ഉറപ്പാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് ആവശ്യപ്പെടും. വീടുകളിൽ നിരീക്ഷണത്തിലുള്ളവരെ കൗൺസിൽ ചെയ്യാൻ കൗൺസിലർമാരെ നിയമിക്കാൻ എം.എൽ.എ മാർ മുൻകൈ എടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രദേശികമായി ഐസെലേഷൻ സെന്ററുകൾ ആരംഭിക്കാനും എം.എൽ.എ മാർ ശ്രമിക്കണം. ആശുപത്രികളിലെ പാരാമെഡിക്കൽ ക്ലീനിംഗ് സ്റ്റാഫുകൾ,​ ഹെൽത്ത് ഇൻസ്‌പെക്ടർമാർ ആരോഗ്യ പ്രവർത്തകർ എന്നിവർ കുടുംബങ്ങളെ മാറ്റിനിർത്തി വയറസിനെ ചെറുക്കാർ ഒരുമിച്ചു പോരാടുന്നുണ്ട്. അവരുടെ സുരക്ഷക്ക് വലിയ മുൻഗണന സർക്കാർ നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.