pakistan

കറാച്ചി: കൊറോണ രോഗം ബാധിച്ചയാളോടൊപ്പം സെൽഫിയെടുത്ത പാകിസ്ഥാനിലെ ആറ് സർക്കാർ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തു. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ സുക്കൂറിലുള്ള കൊറോണ ക്വാറന്റൈൻ ഫെസിലിറ്റിയിൽ വച്ചാണ് ഇവർ ആറുപേരും ചേർന്ന് കൊറോണ രോഗബാധിതനൊപ്പം സെൽഫിയെടുത്തത്. ഈ ചിത്രം വ്യാപകമായി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കപ്പെട്ടിരുന്നു.

ഇത് ശ്രദ്ധയിൽ പെട്ടതോടെയാണ് ഇവരെ സർക്കാർ സസ്‌പെൻഡ് ചെയ്യുകയും ശേഷം ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയും ചെയ്തത്. ഭൂവകുപ്പ് ഉദ്യോഗസ്ഥരായ ഇവർ, രോഗി അറിയപ്പെടുന്ന രാഷ്ട്രീയക്കാരനാണെന്ന് മനസിലാക്കിയ ശേഷമാണ് ഇയാൾക്കൊപ്പം സെൽഫി എടുക്കാൻ തുനിഞ്ഞത്. ഇറാനിലേക്ക് യാത്ര നടത്തി പാകിസ്ഥാനിലേക്ക് തിരികെയെത്തിയപ്പോഴാണ് ഇയാളിൽ രോഗബാധ കണ്ടെത്തുന്നത്.

കൊറോണ രോഗം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പാകിസ്ഥാനിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ക് ഡൗൺ സമയത്ത് പുറത്തിറങ്ങിയ എഴുന്നൂറോളം പേരെ കറാച്ചി ഭാഗത്ത് നിന്നും അറസ്റ്റ് ചെയ്തതതായി സിന്ധ് പൊലീസ് അറിയിച്ചു. പാകിസ്ഥാനിൽ സിന്ധ് പ്രവിശ്യയിൽ മാത്രം 399 പേരെയാണ് രോഗം ബാധിച്ചിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 892 പേരിലാണ് കൊറോണ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.