തിരുവനന്തപുരം: കൊറോണ രോഗബാധയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണനാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കാസർകോട്, കോഴിക്കോട്, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, വയനാട്, മലപ്പുറം എന്നി ജില്ലകളിലാണ് ഇന്നലെ രാത്രിയും ഇന്നുമായി നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നത്. മാസം 31 വരെയാണ് നിരോധനാജ്ഞ ഉത്തരവ് നിലനിൽക്കുക.
ഒരു സ്ഥലത്തും അഞ്ചിൽ അധികം ആളുകൾ കൂട്ടം കൂടി നിൽക്കാൻ പാടില്ല, അടിയന്തര ആവശ്യങ്ങൾക്കായി മാത്രമേ വീടുകളിൽ നിന്ന് പുറത്തിറങ്ങുക, ഒരു വീട്ടിൽ നിന്നും ഒരാൾ എന്ന നിലയിൽ മാത്രമേ പുറത്തിറങ്ങുക. വിദേശത്ത് നിന്ന് വരുന്നവരെ കൂടാതെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവരും ആരോഗ്യവകുപ്പിനെ വിവരം അറിയിക്കുക, എന്നിങ്ങനെയുള്ള നിർദേശങ്ങളാണ് നിരോധനാജ്ഞ നിലനിൽക്കുന്ന സമയത്ത് പാലിക്കേണ്ടത്.
ആശുപത്രികളിൽ സന്ദർശകർ, കൂട്ടിരിപ്പുകാർ എന്നീ പേരുകളിൽ ഒന്നിലധികം പേർ എത്തുന്നതിനും നിരോധനമുണ്ട്. സർക്കാർ നിർദേശങ്ങള്‍ ലംഘിക്കുന്നവർക്കെതിരെ ഐപിസി 269, 188, 270, കേരള പൊലീസ് ആക്ട് 120 പ്രകാരമുളള പോലുള്ള നടപടികൾ സ്വീകരിക്കുന്നതായിരിക്കും.