tokyo-olympics

ടോക്യോ: ഈ വർഷം ജപ്പാനിലെ ടോക്യോയിൽ വച്ചു നടത്താനിരുന്ന ഒളിമ്പിക്‌സ് മാറ്റിവച്ചു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മാറ്റിവയ്‌ക്കൽ തീരുമാനം. ഒളിമ്പിക്‌സ് ഒരു വർഷം മാറ്റിവയ്‌ക്കാൻ സാവകാശം നൽകണമെന്ന് ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി(ഐ.ഒ.സി.)യോട് ജപ്പാൻ ആവശ്യപ്പെട്ടു കഴിഞ്ഞു.

ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ, ഐ.ഒ.സി. പ്രസിഡന്റ് തോമസ് ബാഹുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്. ബാഹുമായി ടെലഫോണിലാണ് ആബെ ചർച്ച നടത്തിയത്. ടോക്കിയോ പാരാലിംപിക്സും അടുത്ത വർഷത്തേക്ക് നീട്ടിവച്ചിട്ടുണ്ട്.

124 വർഷത്തെ ചരിത്രത്തിൽ ഒളിംപിക്‌സ് വൈകി നടത്തുന്നത് ഇതാദ്യമാണ്. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ 1916, 1940, 1944 വർഷങ്ങളിൽ ഒളിംപിക്‌സ് റദ്ദാക്കിയിട്ടുണ്ട്. 1980ലെ മോസ്‌കോ ഒളിംപിക്‌സിലും 1984ലെ ലൊസാഞ്ചലസ് ഒളിംപിക്‌സിലും ശീതയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വിവിധ ടീമുകൾ പിൻമാറിയിരുന്നു.

2021ലേക്കു മാറ്റിയില്ലെങ്കിൽ തങ്ങളുടെ രാജ്യത്തുനിന്ന് ഒളിംപിക്സിനായി അത്‌ലറ്റുകളെ അയയ്‌ക്കില്ലെന്ന് കാനഡ പ്രഖ്യാപിച്ചിരുന്നു. 2021ലെ ഒളിംപിക്സിനു തയാറെടുക്കാൻ ഓസ്‌ട്രേലിയൻ ഒളിംപിക് കമ്മിറ്റി താരങ്ങളോട് ആവശ്യപ്പെട്ടതോടെയാണ് അവരുടെ പിൻമാറ്റം ഉറപ്പായത്. കാനഡയ്ക്കും ഓസ്‌ട്രേലിയയ്ക്കും പുറമേ മറ്റു ചില രാജ്യങ്ങളും പല പ്രമുഖ അത്‌ലറ്റുകളും ഒളിംപിക്‌സ് ഒരു വർഷത്തേക്കു മാറ്റിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.