modi

ന്യൂഡൽഹി: രാജ്യം ഒരു പ്രതിസന്ധിയെ നേരിടുമ്പോൾ ജനങ്ങൾ ഒന്നായി നിലകൊള്ളുമെന്നും അതാണ് 'ജനതാ കർഫ്യു' ദിനത്തിൽ കണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാത്രി മുതൽ രാജ്യത്ത് പരിപൂർണ ലോക്ക് ഡൗൺ നിലവിൽ വരികയാണെന്നും അദ്ദേഹം അറിയിച്ചു. 21 ദിവസത്തേക്കാണ് രാജ്യം ലോക്ക്ഡൗൺ ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗൺ ജനതാ കർഫ്യുവിനേക്കാൾ ഗൗരവമുള്ളതാണെന്നും പുറത്തേക്ക് ഇറങ്ങുക എന്നത് 21 ദിവക്കാലത്തേക്ക് മറക്കണമെന്നും രാജ്യത്തോടായുള്ള അഭിസംബോധനയിൽ അദ്ദേഹം പറഞ്ഞു.

എല്ലാവരോടും കൈക്കൂപ്പിയാണ് താൻ ഇക്കാര്യം പറയുന്നതെന്നും കൊറോണ രോഗബാധയെ നേരിടാൻ മറ്റ്‌ മാർഗങ്ങൾ ഇല്ലെന്നും അദ്ദേഹം അറിയിച്ചു. ജനതാ കർഫ്യുവിനേക്കാൾ ഗൗരവമുള്ളതായിരിക്കും ഈ കർഫ്യു. ഈ തീരുമാനം ഓരോ പൗരനെയും രക്ഷിക്കാനാണ്. വീടിന് മുന്നിലെ ലക്ഷ്മണ രേഖ മറികടക്കരുത്. ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ഗൗരവമായി എടുക്കണം. അദ്ദേഹം പറഞ്ഞു. കൊറോണ പ്രതിരോധത്തിനായി 15,000 കോടി രൂപയുടെ പാക്കേജും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

കൊറോണയെ പ്രതിരോധിക്കാം സാമൂഹിക അകലം പാലിക്കുക മാത്രമാണ് പോംവഴിയെന്നും ലോക്ക്ഡൗൺ പിൻവലിക്കുന്നതുവരെ ഈ നിർദേശങ്ങളെല്ലാം ബാധകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യ പ്രവർത്തകരെ എല്ലാവരും അഭിനന്ദിക്കണം. മാദ്ധ്യമപ്രവർത്തകരെയും പൊലീസിനെയും കുറിച്ച് ഓർക്കണം. രാജ്യത്തെ ഓരോ പൗരനും ഇപ്പോൾ എവിടെയാണോ അവിടെ തങ്ങണം.

പ്രതിസന്ധിയുടെ സമയത്ത് എല്ലാ ഇന്ത്യക്കാരും അതിനെതിരെ ഒന്നിച്ച് പോരാടും. 'ജനതാ കർഫ്യു' വിജയിപ്പിച്ചതിൽ നിങ്ങൾ എല്ലാവരും പ്രശംസ അർഹിക്കുന്നു. കൊറോണ രോഗം മൂലമുണ്ടാകുന്ന സാഹചര്യം ജനങ്ങളെല്ലാം വാർത്താ ചാനലുകളിലൂടെ കണ്ടുകൊണ്ടിരിക്കുകയാണ്. വികസിത രാജ്യങ്ങൾ പോലും ഈ മഹാമാരിക്ക് മുൻപിൽ നിസ്സഹായരായി നിൽക്കുന്നത് നാം കാണുകയാണ്. പ്രധാനമന്ത്രി പറഞ്ഞു.