modi

ന്യൂഡൽഹി: ഇന്ന് അർദ്ധരാത്രി മുതൽ രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ നിലവിൽ വരുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇനി വരുന്ന 21 ദിവസം രാജ്യം സമ്പൂർണമായി അടച്ചിടുകയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ആരോഗ്യമേഖലയിൽ 15000 കോടിയുടെ പാക്കേജും പ്രഖ്യാപിച്ചു. കൊറോണ പ്രതിരോധത്തിനായുള്ള മെഡിക്കൽ ഉപകരണങ്ങൾ വാങ്ങൽ, പാരാമെഡിക്കൽ സ്‌റ്റാഫുകളുടെ പരിശീലനം, ലാബുകൾ സജ്ജമാക്കൽ, ഐ.സി.യു, വെന്റിലേറ്റർ എന്നീ സംവിധാനങ്ങൾക്കടക്കമാണ് ഈ തുക വിനിയോഗിക്കുക.

'ആരോഗ്യരംഗത്ത് വളരെയധികം ഉന്നൽ നൽകണമെന്നാണ് ഈ അവസരത്തിൽ എനിക്ക് സംസ്ഥാനസർക്കാരുകളോട് അഭ്യർത്ഥിക്കാനുള്ളത്. രോഗം പരക്കുന്നത് തടയാൻ സ്വകാര്യ കമ്പനികളും മാർഗങ്ങൾ സ്വീകരിക്കുമെന്ന് തന്നെയാണ് കരുതുന്നത്'- പ്രധാനമന്ത്രി പറഞ്ഞു.

'സമ്പൂർണ ലോക്ക് ഡൗണിലൂടെയാണ് മറ്റു രാജ്യങ്ങളിൽ വൈറസ് വ്യാപനം നിയന്ത്രിച്ചത്. വ്യാപനത്തിന്റെ വേഗത കൂടുന്തോറും പിടിച്ചുകെട്ടൽ അതികഠിനമാകും. കോവിഡിനോടു പൊരുതുന്ന ആരോഗ്യ പ്രവർത്തകരെ ഓർക്കണം. ജീവൻ പണയം വച്ച് വിവരങ്ങൾ എത്തിക്കുന്ന മാദ്ധ്യമപ്രവർത്തകരെ ഓർക്കണം. സുരക്ഷാ ഉദ്യോഗസ്ഥർക്കു നന്ദി പറയണം. കോവിഡ് അഗ്നിപോലെ വ്യാപിക്കുകയാണ്. ചിലരുടെ ശ്രദ്ധക്കുറവ് നിങ്ങളേയും കുടുംബത്തേയും അപകടത്തിലാക്കാം'.

ജനതാ കർഫ്യൂ വിജയിപ്പിച്ചതിനു ജനങ്ങൾക്കു നന്ദി പറയുന്നു. പ്രതിസന്ധി ഘട്ടത്തിൽ ജനം ഒരുമിച്ചു നിന്നു. കൊറോണയെ തടയണമെങ്കിൽ അതു പടരുന്ന വഴികൾ തകർക്കുകയാണു ചെയ്യേണ്ടത്. സാമൂഹിക അകലം പാലിക്കുകയെന്നത് ഓരോ പൗരനും ബാധകമാണ്. കുടുംബങ്ങളിൽ എല്ലാവരും ഇതു പിന്തുടരണം. കൊറോണയെ നേരിടാൻ മറ്റു വഴികളില്ല. രോഗികൾ മാത്രമല്ല സാമൂഹിക അകലം പാലിക്കേണ്ടത്. ഞാൻ ഉൾപ്പെടെ എല്ലാവർക്കും ഇതു ബാധകമാണ്'- പ്രധാനമന്ത്രിയുടെ വാക്കുകൾ.