മുംബയ്: കൊറോണ വൈറസ് നിർണയത്തിനുള്ള മെഡിക്കൽ കിറ്റ് തദ്ദേശിയമായി നിർമ്മിച്ച് ഇന്ത്യൻ കമ്പനി. മഹാരാഷ്ട്രയിലെ പൂനെ കേന്ദ്രമായുള്ള കമ്പനിയാണ് കിറ്റ് നിർമിച്ചത്. 80000 രൂപയോളമാണ് ഒരു കിറ്റിന് ചെലവ് വരിക. മറ്റു ചില രാജ്യങ്ങളിൽ കിറ്റുകൾ ലഭ്യമാണെങ്കിലും ഇന്ത്യ സ്വന്തമായി നിർമ്മിക്കുന്നത് ആദ്യമായിട്ടാണ്.
കിറ്റ് നിർമ്മിക്കാൻ കഴിഞ്ഞത് ഇന്ത്യയുടെ ആരോഗ്യമേഖലിലെ മികച്ച നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. പൂനെ കേന്ദ്രമായി പ്രവർത്തിക്കുന്ന മൈ ലാബ് ഡിസ്‌കവറി സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് പുതിയ കിറ്റ് കണ്ടെത്തിയത്. മറ്റു രാജ്യങ്ങളുടെ സഹകരണമില്ലാതെ ഇന്ത്യൻ കമ്പനി നിർമിക്കുന്ന ആദ്യ കിറ്റാണിത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ന്റെ അംഗീകാരവും ഇതിന് ലഭിച്ചിട്ടുണ്ട്.
ഇത്തരത്തിൽ ഒരു കിറ്റ് ഉപയോഗിച്ച് 100 രോഗികളുടെ സ്രവങ്ങൾ പരിശോധിക്കാൻ സാധിക്കും. നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് വൈറോളജിയുടെയും ഡ്രഗ് കൺട്രോളർ ഒഫ് ഇന്ത്യയുടെയും അംഗീകാരവും കമ്പനിയുടെ കിറ്റിന് ലഭിച്ചു. നിലവിൽ ലാബ് വഴിയുള്ള പരിശോധനയാണ് പ്രധാനമായും ഇന്ത്യയിൽ നടക്കുന്നത്. നാല് മണിക്കൂറോളം ഇതിന് വേണ്ടിവരും. എന്നാൽ മൈലാബിന്റെ കിറ്റ് വഴിയുള്ള പരിശോധനയ്ക്ക് രണ്ടര മണിക്കൂർ മതിയാകും എന്നാതാണ് മേന്മ.