
മുംബയ്: പത്താം ക്ളാസുകാരന് കൊറോണ സ്ഥിരീകരിച്ചത് പരിഭ്രാന്തി പരത്തുന്നു. മുംബയിലാണ് സംഭവം. തിങ്കളാഴ്‌ചയാണ് കുട്ടിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടുകൂടി ഇയാൾക്കൊപ്പം പരീക്ഷ എഴുതിയ 36 വിദ്യാർത്ഥികളും നിരീക്ഷണത്തിലാണ്. സംഭവത്തെ തുടർന്ന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ശേഖരിച്ച് അധികൃതർ ദ്രുതഗതിയിൽ മുൻകരുതലുകൾ എടുത്തുവരികയാണ്.
കഴിഞ്ഞ ആഴ്‌ചവരെ എസ്.എസ്.സി പരീക്ഷകൾ മുൻ നിശ്‌ചയിച്ച പ്രകാരം തന്നെയാണ് മുംബയിൽ നടന്നുവന്നിരുന്നത്. കൊറോണ വ്യാപനം ശക്തമായ സാഹചര്യത്തിലാണ് മാർച്ച് 31വരെയുള്ള പരീക്ഷകളെല്ലാം ബോർഡ് മാറ്റിവച്ചത്.
നിലവിൽ മഹാരാഷ്‌ട്രയിൽ കൊറോണ ബാധിതരുടെ എണ്ണം 107 ആണ്. ഇന്ത്യയിൽ ഏറ്റവുമധികം കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്‌തതും മഹാരാഷ്‌ട്രയിലാണ്. സംസ്ഥാനം വളരെ നിർണായകമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വ്യക്തമാക്കിയിരുന്നു.