ജനീവ :കൊറോണ വൈറസ് വ്യാപനം വരും ദിവസങ്ങളിൽ യൂറോപ്പിനെക്കാൾ കൂടുതൽ കേസുകൾ അമേരിക്കയിൽ റിപ്പാേർട്ട് ചെയ്യാൻ സാധ്യതയെന്ന് ലോക ആരോഗ്യ സംഘടന. അമേരിക്കയിൽ കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ലോക ആരോഗ്യ സംഘടന ഇത് വ്യക്തമാക്കിയത്. കൊറോണ വൈറസിന്‍റെ പ്രഭവകേന്ദ്രം ചൈനയിൽ നിന്നുമായിരുന്നു. പിന്നീട് അത് യൂറോപ്പിലേക്കും ലോകത്തെ വിവിധ രാജ്യങ്ങളലേക്കും വ്യാപിച്ചു. ലോകത്ത് റിപ്പോർട്ട് ചെയ്ത പുതിയ കേസുകളിൽ 85 ശതമാനം കേസുകളും യൂറോപിൽ നിന്നും അമേരിക്കയിൽ നിന്നുമാണെന്നും ലോക ആരോഗ്യ സംഘടന വക്താവ് ഡോക്ടർ മാർഗ്രറ്റ് ഹാരീസ് തന്‍റെ പത്രസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ ദിവസത്തെ കണക്കു പ്രകാരം യൂറോപ്പിൽ 20131 പുതിയ കേസുകളും അമേരിക്കയിൽ 16354 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. നിലവിൽ രോഗം കൂടുതൽ പേരിലേക്ക് പകർന്നിരിക്കാമെന്നുമാണ് ലോക ആരോഗ്യ സംഘടനയുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ യൂറോപ്പിനെക്കാൾ കൂടുതൽ കേസുകൾ അമേരിക്കയിൽ റിപ്പോർട്ട് ചെയ്തേക്കാം.ലോക ആരോഗ്യ സംഘടനയുടെ തിങ്കളാഴ്ച്ച വരെയുളള കണക്കു പ്രകാരം കൊറോണ ബാധിച്ച് യൂറോപ്പിൽ 8743 മരണവും അമേരിക്കയിൽ 550 മരണവുമാണ് ഉണ്ടായത്. ലോകത്ത് 386000 ആളുകൾക്ക് ഇതുവരെ കൊറോണ സ്ഥിരീകരിച്ചു. 17000 ആളുകൾ ഇതിനോടകം മരണപ്പെടുകയും ചെയ്തു.