vegitable-price

തിരുവനന്തപുരം: കൊറോണ നിയന്ത്രണങ്ങൾക്കിടെയിൽ ജനങ്ങളുടെ നിസഹായതയെ മുതലാക്കി കച്ചവടക്കാർ. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും ഉള്ളിയും പച്ചമുളകും ഉൾപ്പെടെയുള്ള സാധനങ്ങളുടെ വില കുത്തനെ ഉയർത്തിയിരിക്കുകയാണ് മൊത്തവിൽപനക്കാർ. ഇന്നലെ അറുപത് രൂപയുണ്ടായിരുന്ന ഉള്ളിയ്ക്ക് 35 രൂപയാണ് ഒറ്റദിവസം കൊണ്ട് കൂടിയിരിക്കുന്നത്.

കൊറോണ വ്യാപനം തടയുന്നതിനായി കർശന നിയന്ത്രണങ്ങളാണ് തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കൊണ്ടുവന്നിരിക്കുന്നത്. അതിനാൽത്തന്നെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറികളുടെ വരവ് കുറഞ്ഞെന്നാണ് വിലകൂട്ടാനുള്ള കാരണമായി കച്ചവടക്കാർ പറയുന്നു. ഇതേ അവസ്ഥ തുടരുകയാണെങ്കിൽ ഇനിയും വില കൂടുമെന്ന് വ്യാപാരികൾ മുന്നറിയിപ്പ് നൽകുന്നു.

ഇരുപത് രൂപയുണ്ടായിരുന്ന തക്കാളിക്ക് ഏകദേശം ഇരട്ടിവിലയായി. ഇന്നലെവരെ 28 രൂപയായിരുന്ന പച്ചമുളകിന് 45 രൂപയാണ് ഇന്നത്തെ വില. ജോലിക്ക് പോകാൻ പറ്റാതെ വീട്ടിലിരിക്കുന്ന ദിവസവേതനക്കാർക്ക് ഇരുട്ടടിയാണ് ഇതിലൂടെ കിട്ടിയിരിക്കുന്നത്.