dr

ജാർഖണ്ഡ്: കൊറോണ വൈറസ് ബാധയേറ്റ് ചികിത്സയിൽ കഴി‌ഞ്ഞിരുന്ന രോഗികളുടെ വാർഡിൽ ജോലി ചെയ്തിരുന്ന ഡോക്ടർ ദമ്പതികൾ രാജിവച്ചു.ഡോക്ടർ അലോക്ക് ടിർക്കിയും ഭാര്യയുമാണ് ജോലിയിൽ നിന്നും രാജിവച്ചത്.വാട്സാപ്പ് സന്ദേശത്തിലൂടെയാണ് ഇരുവരും തങ്ങളുടെ രാജി അറിയിച്ചത്. ആരാേഗ്യ സെക്രട്ടറിയുടെ നിർദേശ പ്രകാരം ഇവർ 24 മണിക്കൂറിനുളളിൽ ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്നും അധിക‌ൃതർ അറിയിച്ചു.1897 ലെ പകർച്ച വ്യാധി നിയമ പ്രകാരം ഇവർക്ക് എതിരെ കേസെടുക്കുമെന്നും ഇന്ത്യൻ മെഡിക്കൽ കൗണ്‍സിലിലെ ഇവരുടെ അംഗത്വം റദ്ദ് ചെയ്യുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച്ച രാത്രിയാണ് ഇവർ‌ വാട്സാപ്പിലൂടെ രാജി സന്ദേശം നൽക്കുന്നത്. തുടർന്ന് ചൊവ്വാഴ്ച രാവിലെയോടെ മെയിൽ ചെയ്തു. തന്‍റെ ഭാര്യയായ ഡോക്ടർ സൗമ്യയുടെ ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് ജോലി ഉപേക്ഷിക്കുന്നത് എന്നാണ് ഡോക്ടർ അലോക്ക് ടിർക്കി രാജി കത്തിൽ പറയുന്നത്.സർദാർ ആശുപത്രിയിലെ 23 ഡോക്ടർമാരിൽ ആരും തന്നെ കൊറോണ കാലത്ത് ജോലിയിൽ നിന്നും വിട്ടു നിന്നിട്ടില്ല.

അതേസമയം ആശുപത്രി രാഷ്‌ട്രീയത്തിന്‍റെ ഇരയാണ് താൻ എന്ന് ഡോക്ടർ അലോക്ക് ടിർക്കി പറയുന്നു. ഭാര്യയുടെയും സഹോദരിയുടെയും ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് ജോലി ഉപേക്ഷിച്ചത്. അല്ലാതെ കൊറോണ രോഗികളെ ചികിത്സിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടായിട്ടല്ല. തനിക്ക് മാത്രം കൊറോണ വാർഡിൽ ജോലി നൽകുന്നുവെന്നും മറ്റുളള ഡോക്ടർമാർക്ക് നൽകുന്നില്ലെന്നും ഡോക്ടർ അലോക്ക് ടിർക്കി കുറ്റപ്പെടുത്തി. കൊറോണ വാർഡിൽ ജോലി ചെയ്യാൻ വേണ്ട സുരക്ഷ മുൻകരുതലിന് ആവശ്യമായ സാധനങ്ങൾ ഒന്നും തനിക്ക് ലഭിച്ചിരുന്നില്ലെന്നാണ് ഡോക്ടർ അലോക്ക് ടിർക്കിയുടെ ആക്ഷേപം.