ന്യൂഡൽഹി: ഇന്ത്യയിൽ ഫ്‌ളിപ്കാർട്ട് സർവീസുകൾ താൽകാലികമായി നിർത്തലാക്കി. പ്രധാനമന്ത്രി രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. ആദ്യം ഓർഡറുകൾ സ്വീകരിക്കുന്നത് പൂർണമായും നിർത്തും. അതിന് ശേഷം അവശ്യ സാധനങ്ങളുടെ ഓർഡറുകൾ മാത്രം സ്വീകരിച്ച് തുടങ്ങുമെന്നും ഫ്‌ളിപ്കാർട്ട് സീനിയർ വൈസ് പ്രസിഡന്‍റ് ആദർശ് മേനോൻ ജീവനക്കാർക്ക് അയച്ച ഇമെയിൽ സന്ദേശത്തിൽ പറയുന്നു. അവശ്യ സാധനങ്ങളുടേത് ഒഴികെയുള്ള വസ്തുക്കളുടെ വിൽപ്പന നിർത്തിവച്ചതായി ആമസോൺ അറിയിച്ചതിന് പിന്നാലെയാണ് ഫ്‌ളിപ്കാർട്ടും സമാന നിലപാടുമായി രംഗത്തെത്തിയത്.
ഏപ്രിൽ 2 വരെ എല്ലാ ഫുൾഫിൽമെന്‍റ് സെന്‍ററുകളും അടച്ചിടണമെന്ന് നേരത്തെ ഫ്‌ളിപ്കാർട്ട് നിർദേശം നൽകിയിരുന്നു.അവശ്യ സാധനങ്ങളുടെ ഓർഡറുകൾ മാത്രമാകും സ്വീകരിക്കുക. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി കേന്ദ്ര സർക്കാർ കൊണ്ട് വന്ന ലോക്ക് ഡൗണിന് പിന്തുണ പ്രഖ്യാപിച്ചാണ് നടപടി. അതേസമയം ഇത് എന്ന് വരെയുണ്ടാകുമെന്ന് ഫ്‌ളിപ്കാർട്ട് അധികൃതർ വ്യക്തമാക്കിയിട്ടില്ല.