ഇസ്ലാമാബാദ്: പാകിസ്ഥാനിൽ കൊറോണ വെെറസ് പടർന്നുപിടിക്കുന്നു. രോഗം പ്രാദേശികമായി വ്യപിക്കുകയാണ്. ഇന്ന് ഒരാൾക്കൂടി മരിച്ചതോടെ പാകിസ്ഥാനിൽ മരണസംഖ്യ ഏഴായി. മരണസംഖ്യ ഉയരുന്നത് കണക്കിലെടുത്ത് ബലൂചിസ്ഥാനിൽ സർക്കാർ 15 ദിവസത്തേക്ക് അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു.
പഞ്ചാബ് പ്രവിശ്യയിലെ ഷെയ്ഖുപുരയിൽ 57കാരനാണ് പ്രാദേശിക വെെറസ് വ്യാപനം വഴി മരണം സംഭവിച്ചത്. മറ്റ് വിദേശയാത്രകളൊന്നും ഇയാൾ നടത്തിയിരുന്നില്ല. ഇത് സൂചിപ്പിക്കുന്നത് ഇവർക്ക് പ്രാദേശികമായാണ് രോഗം ബാധിച്ചതെന്നാണ്. ലാഹോറിലെ മയോ ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് 57കാരൻ മരിച്ചത്. പഞ്ചാബ് ആരോഗ്യമന്ത്രി പ്രൊഫ.ഡോ.യാസ്മിൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, ഒരു ബന്ധുവിന്റെ ശവസംസ്കാരത്തിൽ ഇയാൾ പങ്കെടുത്തതായി പറയുന്നു. അവിടുന്നാകാം രോഗം ബാധിച്ചതെന്ന് മയോ ആശുപത്രി ചീഫ് എക്സിക്യൂട്ടിവ് പ്രൊഫ ആസാദ് അസ്ലം ഖാൻ പ്രതികരിച്ചു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. രോഗം പടർന്നു പിടിക്കുകയും ഇയാൾക്ക് ഹൃദയസ്തംഭനം സംഭവിക്കുകയുമായിരുന്നു.
ചൊവ്വാഴ്ചവരെ പാകിസ്ഥാനില്‍ സ്ഥിരീകരിച്ച കൊറോണ രോഗികളുടെ എണ്ണം 903 ആണ്. സിന്ധ് പ്രവിശ്യയിലാണ് ഏറ്റവുമധികം രോഗബാധിതരുള്ളത്. ഇവിടെ 399 പേര്‍ക്കാണ് രോഗം സ്ഥിരികരിച്ചിരിക്കുന്നത്. പഞ്ചാബ് പ്രവിശ്യയാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ 265 പേരിലാണ് വൈറസ് സ്ഥിരീകരിച്ചത്. കറാച്ചിയിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ 130 പേര്‍ രോഗബാധിതരാണ്. കറാച്ചിയില്‍ കൂടുതലും പ്രാദേശിക വ്യാപനം വഴിയാണ് രോഗം പകര്‍ന്നതെന്നാണ് കരുതുന്നത്. അതേസമയം, ബലൂചിസ്ഥാനിൽ മാർച്ച് 24ന് ആരംഭിച്ച അടച്ചുപൂട്ടൽ ഏപ്രിൽ ഏഴ് വരെ തുടരും.