ന്യൂഡൽഹി : കൊറോണ പ്രതിരോധത്തിന്‍റെ ഭാഗമായി സാമൂഹ്യ അകലം പാലിച്ച് കേന്ദ്ര മന്ത്രിസഭ യോഗം ചേർന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഒരു മീറ്ററോളം അകലം പാലിച്ചാണ് അദ്ദേഹവും മറ്റു മന്ത്രിമാരും ഇരുന്നത്. കൊറോണ പ്രതിരോധത്തിൽ സാമൂഹ്യ അകലം പാലിക്കുന്നതിന്‍റെ
പ്രാധാന്യം ജനങ്ങളിൽ എത്തിക്കുന്നതിനും, അവരെ ബോധവൽക്കരിക്കുന്നതിനുമാണ് ഇത്തരത്തിൽ യോഗം ചേർന്നത്. രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗമായിരുന്നു ഇത്. കൊറോണ പ്രതിരോധത്തിനായുളള തുടർനടപടികളും യോഗത്തിൽ ചർച്ച ചെയ്തു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മറ്റു മാർഗങ്ങളില്ലാത്തതിനാലാണ് എല്ലാവരോടും വീട്ടിലിരിക്കാൻ ആവശ്യപ്പെട്ടതെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇന്ത്യയിൽ മഹാരാഷ്‌ട്രയിലും കേരളത്തിലുമാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.രാജ്യത്ത് ഇതുവരെ 562 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 11 പേർ മരിക്കുകയും ചെയ്തു.കേരളത്തിൽ നിലവിൽ 105 പർക്ക് കൊറോണ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ ലംഘനം നടത്തുന്നവർക്ക് എതിരെ കർശന നടപടിയുണ്ടാകും. അതേസമയം ജനങ്ങൾ പുറത്തിറങ്ങുന്നത് തടയുക എന്നത് സർക്കാരിന് വലിയ വെല്ലുവിളി ആയിരിക്കുകയാണ്.