lockdown

ന്യൂഡൽഹി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ രോഗ വ്യാപനം തടയാൻ ഇന്നുമുതൽ 21 ദിവസത്തേക്കാണ് പ്രധാനമന്ത്രി രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുമൂലം രാജ്യത്തിന് 120 ബില്യൺ യു.എസ് ഡോളർ അതായത് ഏകദേശം ഒമ്പത് ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും സാമ്പത്തിക മേഖലയിൽ ഇത് കനത്ത പ്രതിസന്ധിയുണ്ടാക്കുമെന്നും വിദഗ്ദ്ധർ പറയുന്നു.


ലോക്ക് ഡൗൺ മൂലമുണ്ടാകുന്ന നഷ്ടം നികത്താൻ സാധിക്കുന്ന രീതിയിലുള്ള സാമ്പത്തിക പാക്കേജുകൾ സർക്കാർ പ്രഖ്യാപിക്കണമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ആദ്യ മൂന്ന് മാസത്തെ പണ നയ അവലോകനം പ്രഖ്യാപിക്കാനിരിക്കുകയാണ് റിസർവ് ബാങ്ക്. നിലവിലെ സാഹചര്യത്തിൽ റിപ്പോ-റിവേഴ്സ് റിപ്പോ നിരക്കുകൾ കുറയ്ക്കാൻ സാദ്ധ്യതയേറെയാണ്. ഇതുവഴി ധനക്കമ്മി കൂടുകയും അത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുകയും ചെയ്‌തേക്കാമെന്ന് സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഇന്നലെ അർദ്ധരാത്രി മുതലാണ് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. എന്നാൽ ഇന്ന് ഓഹരി വിപണിയിൽ 0.47 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. നിലവിലെ സാഹചര്യത്തിൽ ജി.ഡി.പി ഏകദേശം നാല് ശതമാനമായി കുറയുമെന്ന് ബ്രിട്ടീഷ് ബ്രോക്കറേജ് ബാർക്ലെയ്സ് ഒരു കുറിപ്പിൽ പറയുന്നു.