ന്യൂഡൽഹി: ലോക്ക് ഡൗണിനെ തുടർന്ന് സർവീസും അതുവഴി വരുമാനവും നിലച്ചോടെ, എയർ ഇന്ത്യയുടെ പ്രതിദിന നഷ്‌ടം 30-35 കോടി രൂപ. ഇന്ധന, ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ചെലവുകളും എയർപോർട്ട് ഫീസും ഒഴിവായെങ്കിലും ജീവനക്കാർക്ക് ശമ്പളം, അലവൻസുകൾ, വിമാന വാടക, അറ്റകുറ്റപ്പണി, പലിശഭാരം തുടങ്ങിയവയാണ് നഷ്‌ടത്തിന് കാരണം.
സർവീസുള്ളപ്പോൾ പ്രതിദിന വരുമാനം 60-65 കോടി രൂപയാണ്. ഇതിൽ 90 ശതമാനവും ലഭിക്കുന്നത് യാത്രക്കാരിൽ നിന്നാണ്. 250 കോടി രൂപയാണ് പ്രതിമാസ ശമ്പളച്ചെലവ്. വിമാനങ്ങൾ പാട്ടത്തിനെടുത്ത വകയിൽ 228 കോടി രൂപയും വായ്‌പകളുടെ പലിശയൊടുക്കാൻ 225 കോടി രൂപയും പ്രതിമാസം വേണം.
എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വിറ്റഴിക്കാനുള്ള നടപടി കേന്ദ്രം തുടങ്ങിയിട്ടുണ്ട്. 2018-19ൽ 8,556 കോടി രൂപയായിരുന്നു എയർ ഇന്ത്യയുടെ നഷ്‌ടം. കേന്ദ്രസർക്കാരിന്റെ 30,000 കോടി രൂപയുടെ രക്ഷാപാക്കേജിന്റെ ബലത്തിലാണ് കമ്പനിയുടെ പ്രവർത്തനം.