nurse

ചൈനയെ കൊറോണയിൽ നിന്ന് രക്ഷിച്ച ക്യൂബൻ സംഘം ഇറ്റലിയിൽ പറന്നിറങ്ങിയതിനെ പുകഴ്ത്തിക്കൊണ്ടുള്ള നിരവധി വാർത്തകൾ നമ്മൾ കണ്ടു. മലയാളികൾ ഉൾപ്പെടെ അവരെ വാഴ്ത്തി. എന്നാൽ പലപ്പോഴും നമ്മളോർക്കാത്ത മറ്റൊരു കാര്യമുണ്ട്. കൊറോണ തകർത്തുകളഞ്ഞ ഇറ്റലിയിലുൾപ്പെടെ രോഗ ബാധിതരെ പരിചരിക്കുന്നതിൽ മുൻപന്തിയിലുള്ളത് കേരളത്തിൽ നിന്നുള്ള നഴ്സുമാരാണ്.

കൊറോണ ഭീതിയിൽ നമ്മൾ വീട്ടിലിരിക്കുമ്പോൾ ജീവൻ പണയംവച്ച് രോഗികളെ ശുശ്രൂഷിക്കാനുള്ള നെട്ടോട്ടത്തിലാണ് നഴ്സുമാർ. രോഗം വരുമോ എന്ന പേടിയുണ്ടെങ്കിലും ജോലിയാണ്, ഉത്തരവാദിത്തമാണ് ചെയ്‌തേ പറ്റൂ. ലോകത്ത് എവിടെയൊക്കെ ആശുപത്രികളുണ്ടോ അവിടെയൊക്കെ നഴ്സുമാരുമുണ്ട്. ഈ ജോലി സാദ്ധ്യതയാണ് പലരെയും നഴ്സിംഗ് തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്.

ലോകത്ത് തന്നെ ഏറ്റവും കൂടുതൽ നഴ്സുമാരെ വാർത്തെടുക്കുന്ന സ്ഥലങ്ങളിലൊന്നാണ് കേരളം. ഈ നഴ്സുമാരിൽ പലരും നിലവിൽ കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ വിവിധ രാജ്യങ്ങളിലെ മുൻ‌നിര യോദ്ധാക്കളാണ്. കഴിഞ്ഞ ദിവസം ഇറ്റലിയിലെ മിലാനിൽ നഴ്സുമാരായി ജോലി ചെയ്തിരുന്ന ദമ്പതിമാർക്ക് കൊറോണ ബാധിച്ചിരുന്നു. പരിചരിച്ച ഒരു രോഗിയിൽ നിന്നാണ് ഇവക്ക് രോഗം ബാധിച്ചത്. ഇതൊരു ഉദാഹരണം മാത്രമാണ്, ഇങ്ങനെ എത്രപേർ സ്വന്തം ജീവൻ പോലും പണയംവച്ച് ജോലിചെയ്യുന്നു.

കൊറോണ ബാധിതരുടെ എണ്ണം കൂടിയതേോടെ പലപ്പോഴും ഷിഫ്റ്റ് പോലും നോക്കാതെയാണ് പലരും ജോലി ചെയ്യുന്നത്. ചെറിയ മക്കൾവരെയുള്ളവ‌ർ അക്കൂട്ടത്തിലുണ്ട്. ചിലരൊക്കെ കുടുംബത്തിന് രോഗം വരാതിരിക്കാൻ അവരെ ബന്ധുക്കളുടെ അടുത്തേക്ക് അയക്കുന്നു.ഐസൊലേഷൻ വാർഡിൽ ഡ്യൂട്ടിയുള്ളതിനാൽ കുടുംബത്തിന് രോഗം വരുമോ എന്ന് പേടിച്ച് തിരിച്ച് വീടുകളിൽ പോകാൻ ഭയമുള്ളവരുമുണ്ട്.