covid-19

ന്യൂയോർക്ക്: സമ്പത്തിലും വികസനത്തിലും ശാസ്‌ത്ര പുരോഗതിയിലും മെഡിക്കൽ സംവിധാനങ്ങളിലും ലോകത്തെ ഒന്നാം നമ്പർ രാജ്യമായ അമേരിക്കയിൽ കൊറോണ രോഗബാധിരുടെ എണ്ണവും മരണവും വർദ്ധിക്കുന്നു. ബുധനാഴ്ച വരെ 55,​000ത്തിലേറെ പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. 800ലേറെ പേർ മരിച്ചു. ഏറ്റവും കൂടുതൽ കൊറോണ രോഗികളുള്ള മൂന്നാമത്തെ രാജ്യമാണ് അമേരിക്ക.

അമേരിക്കയിലെ ബിസിനസ്,​ തൊഴിൽ,​ ആരോഗ്യ പാലന രംഗങ്ങൾ കൊറോണ കാരണം തരിപ്പണമാകുന്ന അവസ്ഥയിലാണ്. ഈ പശ്ചാത്തലത്തിൽ രണ്ട് ലക്ഷംകോടി ഡോളറിന്റെ അടിയന്തര രക്ഷാ പാക്കേജിന് വൈറ്റ് ഹൗസിന് പിന്നാലെ സെനറ്റും അംഗീ,​കാരം നൽകി. സെനറ്റിലെ ഡെമോക്രാറ്റിക്,​ റിപ്പബ്ലിക്കൻ പാർട്ടികൾ ഏകകണ്ഠമായാണ് പാക്കേജ് അംഗീകരിച്ചത്. മുതിർന്നവർക്ക് 1,​200 ഡോളറും കുട്ടികൾക്ക് 500 ഡോളറും ഒറ്റത്തവണ പണമായി നൽകുന്നു എന്നതാണ് പാക്കേജിന്റെ ഒരു പ്രത്യേകത. ആശുപത്രികൾക്കും തൊഴിലാളികൾക്കും ആശ്വാസം നൽകുന്നതാണ് പാക്കേജ്. അമേരിക്കയിൽ അടുത്ത പത്ത് ആഴ്ചയെങ്കിലും കൊറോണ ഭീഷണി തുടരുമെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.

അതേസമയം,​ ഇറ്റലിയിൽ ബുധനാഴ്ച വരെ പുതിയ കേസുകളോ മരണങ്ങളോ റിപ്പോർട്ട് ചെയ്യാതിരുന്നത് ആശ്വാസമായി. പക്ഷെ സ്പെയിനിലെ സ്ഥിതി ഗുരുതരമാണ്. 438 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇതോടെ മരണസംഖ്യ 3,​877ൽ എത്തി.

ജി 20 വിർച്വൽ യോഗം ഇന്ന്

കൊറോണയെക്കുറിച്ച് ചർച്ച ചെയ്യാൻ വൻ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയായ ജി 20യിലെ അംഗ രാജ്യങ്ങളുടെ വിർച്വൽ ഉച്ചകോടി സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അദ്ധ്യക്ഷതയിൽ ഇന്ന് ചേരും. വ്യാപനം തടയുന്നതിനും ആഗോള സാമ്പത്തിക മേഖലയിൽ സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനുമുള്ള നടപടികൾ യോഗം ചർച്ച ചെയ്യും . ജോർദ്ദാൻ, സ്പെയിൻ, സിംഗപ്പൂർ, സ്വിറ്റ്സർലൻഡ്, യു.എ.ഇ എന്നീ രാജ്യങ്ങളുടെ തലവന്മാരും ജി.സി.സി പ്രസിഡന്റും യോഗത്തിൽ പങ്കെടുക്കും.

ഗ്രെറ്റ തുൻബർഗ് നിരീക്ഷണത്തിൽ

പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗിനും പിതാവിനും കൊറോണ രോഗലക്ഷണങ്ങൾ കണ്ടു.എന്നാൽ കടുത്ത ലക്ഷണങ്ങളുള്ളവരെ മാത്രമാണ് സ്വീഡനിൽ പരിശോധിക്കുന്നതെന്നും താനോ പിതാവോ പരിശോധന നടത്തിയിട്ടില്ലെന്നും ഗ്രെറ്റ പറഞ്ഞു.