ലണ്ടൻ: ബക്കിംഗ്ഹാം കൊട്ടാരമാണ് എലിസബത്ത് രാജ്ഞിയുടെ പുത്രനും കിരീടാവകാശിയുമായ ചാൾസ് രാജകുമാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചുകൊണ്ടുള്ള വിവരം ഇന്നലെ പുറത്തുവിട്ടത്. 71 വയസുകാരനായ ചാൾസ് രാജകുമാരൻ ഇപ്പോൾ സ്‌കോട്ട്ലൻഡിലെ ബാൽമൊറാൽ കൊട്ടാരത്തിൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ്. പത്നി കാമിലയും (72) ഒപ്പമുണ്ട്. കാമിലയ്‌ക്ക് രോഗബാധയില്ലെന്ന് പരിശോധനയിൽ വ്യക്തമായി.
കൊറോണ ബാധിച്ച മൊറോക്കോ രാജകുമാരൻ ആൽബർട്ടിൽ നിന്നാണ് ചാൾസ് രാജകുമാരന് രോഗം പകർന്നതെന്നാണ് കരുതുന്നത്. ഈ മാസം 10ന് ലണ്ടനിൽ ഒരു ചടങ്ങിൽ ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു. അന്ന് ചാൾസ് രാജകുമാരന്റെ എതിരെയാണ് ആൽബർട്ട് രാജകുമാരൻ ഇരുന്നത്. മാർച്ച് 12ന് ചാൾസ് രാജകുമാരൻ ബക്കിംഗ്ഹാം കൊട്ടാരത്തിലെ ചടങ്ങുകളിലും പങ്കെടുത്തിരുന്നു. അന്ന് രാവിലെ എലിസബത്ത് രാജ്ഞിയെയും അദ്ദേഹം കണ്ടിരുന്നു. അതിനടുത്ത ദിവസമാണ് ആൽബർട്ട് രാജകുമാരന് കൊറോണ സ്ഥിരീകരിച്ചത്.
ബ്രിട്ടനിൽ കൊറോണ പടർന്നുകൊണ്ടിരിക്കെ ചാൾസ് ചില പൊതുചടങ്ങുകളിലും പങ്കെടുത്തിരുന്നു. കൂടാതെ പല പ്രമുഖരുമായി സ്വകാര്യ കൂടിക്കാഴ്‌ചകളും നടത്തിയിരുന്നു. ഈ ചടങ്ങുകളിൽ മറ്റുള്ളവരുമായി ശാരീരിക സമ്പർക്കം ഒഴിവാക്കാൻ അദ്ദേഹം ഹസ്‌തദാനത്തിന് പകരം കൈകൂപ്പുന്ന ചിത്രങ്ങൾ മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഈ ചടങ്ങുകളിൽ നിന്നാണോ ചാൾസിന് രോഗം പകർന്നതെന്നും വ്യക്തമല്ല. അതിനിടെ ബക്കിംഗ്ഹാം കൊട്ടാരത്തിലെ ഒരു ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് ചാൾസിന് രോഗലക്ഷണങ്ങൾ കണ്ടത്. തുടർന്ന് ചാൾസും കാമിലയും ബാൽമൊറാൽ കൊട്ടാരത്തിൽ സ്വയം ഐസൊലേഷനിൽ പ്രവേശിക്കുകയായിരുന്നു. മാർച്ച് 13ന് തന്നെ ചാൾസിന് വൈറസ് ബാധ ഉണ്ടായെന്നാണ് അദ്ദേഹത്തിന്റെ ഡോക്‌ടറുടെ നിഗമനമെന്ന് റിപ്പോർട്ടുണ്ട്. അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നും ഐസൊലേഷനിലാണെങ്കിലും ഔദ്യോഗിക ചുമതലകൾ നിറവേറ്റുന്നുണ്ടെന്നും കൊട്ടാരം വൃത്തങ്ങൾ അറിയിച്ചു.
കൊട്ടാരത്തിൽ ആശങ്ക
കൊറോണ പ്രായമായവർക്ക് മാരകമാകുമെന്നതിനാൽ ചാൾസിന്റെ രോഗബാധ കൊട്ടാരത്തെയും ബ്രിട്ടീഷ് ജനതയെയും ആശങ്കയിലാക്കിയിട്ടുണ്ട്. എലിസബത്ത് രാജ്ഞിക്ക് അടുത്തമാസം 94 വയസ് തികയും. ഭർത്താവ് ഫിലിപ് രാജകുമാരന് ജൂണിൽ 99 വയസും. ഇപ്പോൾ വിൻഡ്‌സർ കൊട്ടാരത്തിൽ കഴിയുന്ന ഇരുവർക്കും കുഴപ്പമൊന്നുമില്ല.
ലോകത്തെ ഏറ്റവും മികച്ച ആരോഗ്യ പാലന സംവിധാനമുള്ള രാജ്യങ്ങളിൽ ഒന്നായ ബ്രിട്ടനിലെ രാജകുടുംബത്തിൽ തന്നെ കൊറോണ ബാധിച്ചത് അദ്ഭുതമായിട്ടുണ്ട്. ബ്രിട്ടനിൽ ഇതുവരെ അഞ്ഞൂറോളം പേരാണ് കൊറോണ ബാധിച്ച് മരണമടഞ്ഞത്. എണ്ണായിരത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്.