തിരുവനന്തപുരം: കൊറോണയെ തുടർന്ന് ഷൂട്ടിംഗ് മുടങ്ങിയതിനാൽ ലൈറ്റ് ബോയിമാരും, ഹെയർഡ്രെസർമാരും മുതൽ ചലച്ചിത്ര മേഖലയിൽ താഴെത്തട്ടിൽ പ്രവർത്തിക്കുന്ന 5000 പേർക്ക് സാമ്പത്തികസഹായം നൽകാൻ ഫെഫ്‌ക ജനറൽ കൗൺസിൽ യോഗം തീരുമാനിച്ചു. സഹായ ധനത്തിന്റെ തോത് അർഹതപ്പെട്ടവരുടെ പട്ടിക ലഭിച്ച ശേഷം തീരുമാനിക്കും.
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യമേഖലയുടെ ആവശ്യത്തിനായി 400 വാഹനങ്ങൾ വിട്ടു നൽകാനും തീരുമാനിച്ചതായി ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ കേരളകൗമുദിയോട് പറഞ്ഞു. ഇന്നലെ വിർച്വൽ സംവിധാനത്തിലാണ് കൗൺസിൽ യോഗം ചേർന്നത്. കൗൺസിലിലെ 57 അംഗങ്ങളും ഓൺലൈൻ കോൺഫറൻസിൽ പങ്കെടുത്തു.
ഇപ്പോഴത്തെ സാഹചര്യത്തിൽ ജൂൺ പകുതിയെങ്കിലുമാകാതെ സിനിമാ ഷൂട്ടിംഗ് പുനരാരംഭിക്കാൻ കഴിയുമോയെന്ന് സംശയമാണെന്ന് യോഗം വിലയിരുത്തി. ഈ സാഹചര്യം കണക്കിലെടുത്താണ് ദിവസ വേതനക്കാരായ 5000 ചലച്ചിത്ര പ്രവർത്തകരെ സഹായിക്കാൻ ഫെഫ്ക തീരുമാനിച്ചത്. ചെറിയ ചിത്രങ്ങളിൽ പ്രവർത്തിക്കുന്ന ടെക്നീഷ്യൻമാരടക്കം എല്ലാവർക്കും കഴിയാവുന്ന സഹായം നൽകും. ചലച്ചിത്ര മേഖലയിലെ 19 യൂണിയനുകളോടും സഹായം ആവശ്യമുള്ളവരുടെ പട്ടിക ചോദിച്ചിട്ടുണ്ട്. ആദ്യ ഗഡു ഏപ്രിൽ 14 ഓടെ നൽകും. ജൂണിനു മുമ്പ് രണ്ടാം ഗഡു നൽകാനും ആലോചിക്കുന്നുണ്ട്.
ഫെഫ്കയിൽ സാമ്പത്തിക ഭദ്രതയുള്ള അംഗങ്ങൾ, മറ്റു യൂണിയനുകളിൽ സാമ്പത്തിക സഹായം നൽകാൻ തയ്യാറുള്ളവർ, നിർമ്മാതാക്കൾ, ചലച്ചിത്ര താരങ്ങൾ,
അഭ്യുദയാകാംക്ഷികൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് തുക സമാഹരിക്കുക.
സ്വമേധയാ മുന്നോട്ടുവന്ന നടൻ മോഹൻലാൽ പത്ത് ലക്ഷം രൂപ നേരത്തേ തന്നെ ഫെഫ്‌കയ്ക്കു നൽകിയിരുന്നു. നടി മഞ്ചുവാര്യർ ഇന്നലെ അഞ്ച് ലക്ഷം രൂപ നൽകി. പ്രശസ്ത ദക്ഷിണേന്ത്യൻ താരം അല്ലു അർജുനും സഹായം വാഗ്ദാനം ചെയ്തു.
കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി 400 വാഹനങ്ങൾ വിട്ടു നൽകാനുള്ള തീരുമാനത്തെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം ചെയ്തു. വാഹനങ്ങളുടെ ലിസ്റ്റിനായി ഡി.ജി.പി ബന്ധപ്പെട്ടതായി ഉണ്ണികൃഷ്ണൻ പറഞ്ഞു.