sanitizer

പനാജി: സാനിറ്റൈസറിനായി ജനം നെട്ടോട്ടമോടുമ്പോൾ,​ ബിയർ ഉത്പാദനം നിറുത്തി സാനിറ്റൈസർ സൗജന്യമായി വിതരണം ചെയ്ത് മാതൃകകാട്ടി ഗോവയിലെ ഒരു ബ്രൂവറി. നാട്ടുകാർക്കും പൊലീസുകാർക്കും ആശുപത്രികൾക്കുമൊക്കെ അനുഗ്രഹമായിരിക്കുകയാണ് ഗോവ ബ്ര്യൂവിംഗ് കമ്പനിയുടെ സാനിറ്റൈസർ.

ഒരാഴ്ച മുമ്പാണ് സാനിറ്റൈസർ വിതരണത്തിലേക്ക് കമ്പനി കടന്നത്. കമ്പനിയിലെ നൂറിലേറെയുള്ള ജീവനക്കാർക്ക് സാനിറ്റൈസർ കിട്ടാതെ വന്നതാണ് നിമിത്തമായത്. പൂനെയിലെ നിർമ്മാതാക്കളിൽ നിന്ന് സാനിറ്റൈസർ ടാങ്കറിലെത്തിച്ച് 100, 200 മില്ലി കുപ്പികളിലാക്കിയാണ് വിതരണം. ആവശ്യക്കാർ ഫോണിൽ അറിയിച്ചാൽ ജീവനക്കാർ എത്തിച്ചുകൊടുക്കും. കുപ്പിക്ക് ക്ഷാമമുള്ളതിനാൽ, കുപ്പിയുമായി ബ്രൂവറിൽ എത്തുന്നവർക്ക് ഒഴിച്ചു കൊടുക്കുകയും ചെയ്യും. ഇതിനകം അയ്യായിരത്തിലേറപ്പേർ ഇവിടന്ന് സാനിറ്റൈസർ വാങ്ങിക്കഴിഞ്ഞു.

"ബിയർ ഉത്പാദം നിറുത്തിയത് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ടെങ്കിലും നാടിന്റെ ആവശ്യത്തിനൊപ്പം നിൽക്കുകയാണ് ഇപ്പോൾ വേണ്ടത്. മദ്യ നിർമ്മാണത്തിനുള്ള ഈഥൈൽ ആൽക്കഹോൾ ഏറ്റവും കൂടുതൽ ഉദ്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. സാനിറ്റൈസർ നിർമ്മാണം ഉടൻ തുടങ്ങാൻ മദ്യക്കമ്പനികളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെടണം"

- സൂരജ് ഷേണായി,​ ഗോവ

ബ്ര്യൂവിംഗ് കമ്പനി ഉടമ.