സൂറിച്ച് : അടുത്തവർഷം ഒളിമ്പിക്സ് നടത്താൻ പറ്റിയ തീയതി കണ്ടുപിടിക്കാനുള്ള കഠിനപരിശ്രമത്തിലാണ് ഇന്റർ നാഷണൽ ഒളിമ്പിക് കമ്മിറ്റിയും ആതിഥേയരായ ജപ്പാനും. യൂറോപ്യൻ വേനൽക്കാലമായ ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള സമയത്ത് ഗെയിംസ് നടത്തുന്ന പതിവ് മാറ്റുമെന്ന സൂചന ഐ.ഒ.സി പ്രസിഡന്റ് തോമസ് ബാച്ച് ഇന്നലെ നൽകി.ജൂണിന് മുമ്പോ ആഗസ്റ്റിന് ശേഷമോ ഉള്ള സമയത്തും ഗെയിംസിന് തങ്ങൾ തയ്യാറാണെന്ന് ജപ്പാനും അറിയിച്ചിട്ടുണ്ട്.
പുതിയ ഒളിമ്പിക് തീയതി സംബന്ധിച്ച് അന്താരാഷ്ട്ര കായിക ഫെഡറേഷനുകളുമായി ഐ.ഒ.സി ഇന്ന് ചർച്ച നടത്തും. യൂറോ കപ്പും കോപ്പ അമേരിക്കയും ഉൾപ്പടെ ഇൗ വർഷം മാറ്റിവച്ച പല ടൂർണമെന്റുകളും അടുത്ത വർഷം നടക്കാനുണ്ട്. ഒളിമ്പിക്സിന്റെ യോഗ്യതാടൂർണമെന്റുകളും പൂർത്തിയാക്കേണ്ടതുണ്ട്. ലോകത്തുനിന്ന് കൊറോണ വൈറസിനെ പൂർണമായും തുടച്ചുനീക്കാതെ ഒളിമ്പിക്സ് പോലൊരു കായിക മാമാങ്കം വിജയകരമായി നടത്താനുമാകില്ല.
ഹിയർ വീ ഗോ
ഒളിമ്പിക്സിന് പുതിയ ഷെഡ്യൂൾ തയ്യാറാക്കുന്നതിന് ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി രൂപികരിച്ച ടാസ്ക് ഫോഴ്സിന് " ഹിയർ വി ഗോ " എന്നാണ് പേര് നൽകിയിരിക്കുന്നത്. ഒളിമ്പിക്സിന്റെ ഷെഡ്യൂൾ തുടക്കം മുതൽ അഴിച്ചുപണിയേണ്ട ഭാഗീരഥപ്രയത്നമാണ് ഐ.ഒ.സിക്ക് മുന്നിലുള്ളത്.
കായിക താരങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും പരമപ്രാധാന്യം കൊടുത്തുകൊണ്ടുള്ള തീരുമാനങ്ങളേ കൈക്കൊള്ളൂ.അതിന് വേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണ്.
- തോമസ് ബാച്ച്
ഐ.ഒ.സി പ്രസിഡന്റ്