മാഡ്രിഡ് : ലോകത്തെ നിശ്ചലമാക്കുന്ന രീതിയിലേക്ക് മാറിക്കഴിഞ്ഞ കൊറോണ ഭീകരനെ തടുക്കുന്നതിനും രോഗബാധയിൽ വലയുന്നവർക്ക് സഹായമെത്തിക്കുന്നതിനും തങ്ങളാൽ കഴിയും വിധം ഉണർന്ന് പ്രവർത്തിക്കുകയാണ് അന്താരാഷ്ട്ര കായിക താരങ്ങൾ.
തന്റെ ജന്മനാട്ടിലെ ആശുപത്രികളിൽ അത്യാഹിതവിഭാഗം സജ്ജമാക്കുന്ന തിരക്കിലാണ് പോർച്ചുഗലിന്റെ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. ക്രിസ്റ്റ്യാനോയും അദ്ദേഹത്തിന്റെ ഏജന്റും ചേർന്ന് മൂന്ന് ആശുപത്രികളിലാണ് ഇതിനകം സജ്ജീകരണങ്ങൾ ഒരുക്കിയത്. ഇൗ മാസമാദ്യം പക്ഷാഘാതത്തെ തുടർന്ന് ആശുപത്രിയിലായ അമ്മയെ കാണാൻ ക്രിസ്റ്റ്യാനോ നാട്ടിലെത്തിയിരുന്നു. തുടർന്നാണ് തന്റെ ക്ളബായ യുവന്റസിലെ സഹതാരം റുഗാനിക്ക് രോഗം സ്ഥിരീകരിച്ചത്.ഇതോടെ ക്രിസ്റ്റ്യാനോ വീട്ടിൽ നിരീക്ഷണത്തിൽ തുടരുകയാണ്.
അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസി ഒരു ദശലക്ഷം യൂറോയാണ് ആരോഗ്യമേഖലയ്ക്ക് സംഭാവന ചെയ്തത്.സ്പെയ്നിലേയും അർജന്റീനയിലേയും ആശുപത്രികൾക്ക് തുല്യമായാണ് തുക വീതിച്ചത്.
മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പെപ് ഗ്വാർഡിയോളയും ഒരു ദശലക്ഷം യൂറോ സംഭാവന നൽകി.ബാഴ്സലോണയുടെ മുൻ പരിശീലകനായ പെപ് അവിടെയുള്ള മെഡിക്കൽ കോളേജിലേക്കാണ് സംഭാവനയെത്തിച്ചത്.
ദിവസക്കൂലിയെ ആശ്രയിച്ച് ജീവിക്കുന്ന 2000 പാവപ്പെട്ടവർക്ക് സൗജന്യമായി റേഷൻ വിതരണം ചെയ്ത് പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ ഷാഹിദ് അഫ്രീദിയും സഹജീവി സ്നേഹത്തിന്റെ നല്ലമാതൃകയായി. ഹർഭജൻ സിംഗ് ഉൾപ്പെടെയുള്ള പ്രമുഖർ അഫ്രീദിയ്ക്ക് പ്രശംസയുമായെത്തി.
ജർമ്മൻ ഫുട്ബാൾ താരങ്ങൾ കഴിഞ്ഞ ദിവസം മുതൽ ഫണ്ട് ശേഖരണം തുടങ്ങിയിരുന്നു. കൊറോണ കാരണം തൊഴിൽ നഷ്ടമായ ദിവസക്കൂലിക്കാരെ സഹായിക്കാൻ ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയടക്കമുള്ള കായികതാരങ്ങളും രംഗത്തുണ്ട്.