തൃശൂർ: രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിവേക് എക്സ്പ്രസ് തൃശൂരിൽ യാത്ര അവസാനിപ്പിച്ചു.
196 യാത്രക്കാരാണ് ട്രെയിനിൽ ഉണ്ടായിരുന്നത്. ഇതിൽ പനിയും രോഗ ലക്ഷണങ്ങളും കണ്ട അഞ്ചു പേരെ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ട്രെയിനിൽ ഉണ്ടായിരുന്ന തൃശൂർ സ്വദേശികളായ 17 പേരെ ബന്ധുക്കളോടൊപ്പം വീട്ടിൽ നിരീക്ഷിക്കാൻ നിർദ്ദേശിച്ച് വിട്ടയച്ചു. ബാക്കിയുള്ള മുഴുവൻ പേരെയും മുളങ്കുന്നത്തുകാവ് കിലയിൽ സജീകരിച്ച ഐസൊലേഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റി. മൂന്ന് ദിവസം മുൻപ് ഗുവാഹത്തി ഡിബ്രുഗഢിൽ നിന്ന് തിരിച്ച വിവേക് എക്‌സ്പ്രസ് ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് തൃശൂരിൽ സർവീസ് അവസാനിപ്പിച്ചത്.
കന്യാകുമാരി വരെ സർവീസ് നടത്തേണ്ട ട്രെയിനാണ് തൃശൂരിൽ യാത്ര അവസാനിപ്പിച്ചത്. ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ യാത്രാസംഘത്തിലുണ്ടായിരുന്നു. കളക്ടർ എസ്. ഷാനവാസ്, കമ്മിഷണർ ആർ. ആദിത്യ, ഡി.സി.ആർ.ബി ഡി.വൈ.എസ്.പി: ശിവദാസ്, റെയിൽവേ പൊലീസ് സ്റ്റേഷൻ എസ്.ഐ: കെ.സി. രതീഷ്, ഡി.എം.ഒ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധിച്ച ശേഷമാണ് ഇവരെ കിലയിലെ ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റിയത്.
കെ.എസ്.ആർ.ടി.സി ബസ്, പൊലീസ് ബസ്, ആക്സിന്റെ നാലു ആംബുലൻസ് എന്നീ വാഹനങ്ങളിലാണ് ഇവരെ മാറ്റിയത്. ഗുവാഹത്തിയിൽ നിന്ന് പുറപ്പെട്ട ട്രെയിൻ മഹാരാഷ്ട്ര ഉൾപ്പെടെയുള്ള കൊറോണ ബാധിത പ്രദേശങ്ങളിലൂടെ കടന്നാണ് കേരളത്തിലെത്തിയത്. ഇതിനാലാണ് ജില്ലാ ഭരണകൂടം യാത്രക്കാരെ നേരിട്ട് പരിശോധിച്ച് പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.