തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേർക്ക് കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിൽ നാലുപേർ ദുബായിൽ നിന്ന് വന്നവരും ഒരാൾ യു.കെയിൽ നിന്നും ഒരാൾ ഫ്രാൻസിൽ നിന്നും വന്നവരാണ്. മറ്റ് മൂന്നുപേർക്ക് സമ്പർക്കത്തിൽ നിന്നുമുണ്ടായതാണെന്നും പിണറായി വിജയൻ വ്യക്തമാക്കി.
ഇന്ന് മാത്രം 122 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. എറണാകുളം -3, പത്തനംതിട്ട -2, പാലക്കാട്- 2, കോഴിക്കോട് -1, ഇടുക്കി-1 എന്നിങ്ങനെയാണ് ഇന്ന് കൊറോണ ബാധിച്ചവരുടെ കണക്ക്.
തിരുവനന്തപുരത്തും തൃശ്ശൂരും ചികിത്സയിലായിരുന്ന രണ്ട് പേർ രോഗം ഭേദപ്പെട്ട് ചികിത്സയിലാണ്. ആകെ 76, 542 ആളുകളാണ് നിരീക്ഷണത്തിലുള്ളത്. 76010 പേർ വീടുകളിൽ. 542 പേർ ആശുപത്രികളിൽ. 4902 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചതിൽ 3465 എണ്ണം നെഗറ്റീവായി തിരികെ വന്നു.
സംസ്ഥാനത്താകെ 118 പേർക്ക് വൈറസ് ബാധ വന്നതിൽ 91 പേർ വിദേശരാജ്യങ്ങളിൽ നിന്ന് വന്ന ഇന്ത്യക്കാരാണ്. 8 പേർ വിദേശികൾ. ബാക്കി 19 പേർക്ക് കോണ്ടാക്ട് മൂലമാണ്. സ്ഥിതി കൂടുതൽ ഗൗരവതരമാകുന്നു. പുതിയ സാഹചര്യത്തിൽ കൂടുതൽ ശക്തമായ നിയന്ത്രണങ്ങളിലേക്ക് പോകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.